വിജയുടെ പാര്‍ട്ടി ഒരു സീറ്റില്‍ 'തോറ്റു'; സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി, തമിഴ്‌നാട്ടില്‍ വിവാദം
ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ കാണാനില്ല. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ഥിയായിരുന്ന അരുണ്‍കുമാര്‍ എം എന്ന വ്യക്തിയെ ആണ് കാണാതായത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അദ്ദേഹം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനായി. പത്രികയുടെ സൂക്ഷ്മ പരിശോധന സമയം മുതല്‍ അദ്ദേഹത്തെ കാണാനില്ല എന്നാണ് വിവരം.
പത്രിക അപൂര്‍ണമായതിനെ തുടര്‍ന്ന് അരുണ്‍കുമാറിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഡമ്മി സ്ഥാനാര്‍ഥിയായി നല്‍കിയിരുന്ന നിത്യയുടെ പത്രികയും തള്ളി. ഇതോടെ എടപ്പാടി മണ്ഡലത്തില്‍ ടിവികെക്ക് സ്ഥാനാര്‍ഥിയില്ല. എഐഎഡിഎംകെയും ഡിഎംകെയും തമ്മില്‍ നേരിട്ട് മല്‍സരം നടക്കുന്ന അവസ്ഥയായി. നേരത്തെ ത്രികോണ പോര് പ്രവചിച്ച മണ്ഡലമാണിത്.

പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ നിന്ന് നിശ്ചിത വോട്ടര്‍മാരുടെ പിന്തുണ ആവശ്യമാണ്. പത്ത് പേരുടെ പിന്തുണയാണ് ആവശ്യം. എന്നാല്‍ അരുണ്‍കുമാറിനെ പിന്തുണച്ച് എട്ട് പേര്‍ മാത്രമാണ് ഒപ്പുവച്ചിരുന്നത്. നിത്യയെ പിന്തുണച്ച് ഏഴ് പേരും ഒപ്പുവച്ചിരുന്നു. മതിയായ പിന്തുണ ഇല്ലാത്തതിനാല്‍ രണ്ടുപേരുടെയും പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
തൊട്ടുപിന്നാലെയാണ് അരുണ്‍കുമാറിനെ കാണാനില്ല എന്ന വിവരം പുറത്തുവന്നത്. അരുണ്‍ കുമാറിനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് എന്ന് ടിവികെ ആരോപിച്ചു. പാര്‍ട്ടി കടുത്ത പ്രതിഷേധത്തിലാണ്. അരുണ്‍ കുമാറിന്റെ പത്രിക തള്ളിയതിനും അപ്രത്യക്ഷനായതിനും പിന്നില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ബന്ധമുണ്ട് എന്നാണ് ടിവികെ പ്രാദേശിക നേതാക്കള്‍ സംശയിക്കുന്നത്.
വിവാദം പളനിസ്വാമിയുടെ തട്ടകത്തില്‍
എഐഎഡിഎംകെ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി മല്‍സരിക്കുന്ന മണ്ഡലത്തിലാണ് ഈ വിവാദം. കഴിഞ്ഞ അഞ്ച് തവണയും എടപ്പാടി പളനിസ്വാമിയാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും പളനിസ്വാമി ജയിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ടിവികെയുടെ വരവ് അണ്ണാഡിഎംകെയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍. ഡിഎംകെക്ക് വേണ്ടി സി കാശിയാണ് മല്‍സരിക്കുന്നത്.
തമിഴനാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ മല്‍സരിക്കുന്നുണ്ട്. പത്രിക തള്ളിയതോടെ ടിവികെയുടെ ഒരു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ തോറ്റ അവസ്ഥയായി. ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ്. മെയ് 4ന് വോട്ടെണ്ണും. അതേസമയം, പുതുച്ചേരിയില്‍ കേരളത്തിനൊപ്പം ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്.












Click it and Unblock the Notifications