വിജയ് എഐഎഡിഎംകെ തട്ടകത്തില്‍; 2 കൂറ്റന്‍ സമ്മേളനങ്ങള്‍, പോണ്ടിച്ചേരി യാത്ര ഒഴിവാക്കി
ചെന്നൈ: നടന്‍ വിജയ്യുടെ പോണ്ടിച്ചേരി റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നാളത്തെ യാത്ര റദ്ദാക്കി. തമിഴക വെട്രി കഴകം (ടിവികെ) നേതാക്കള്‍ പുതുച്ചേരി മുഖ്യമന്ത്രി രംഗസാമിയുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി ലഭിക്കാതെ വന്നപ്പോള്‍, ഡിസംബര്‍ ഒമ്പതിന് പൊതുസമ്മേളനം നടത്താന്‍ അനുമതി തേടി അപേക്ഷ നല്‍കിയിരിക്കുകയാണ്.
കാഞ്ചീപുരത്ത് നടന്ന വിജയകരമായ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം, തമിഴ്നാട്ടില്‍ വിജയ് ഇനി എവിടെ ജനങ്ങളെ കാണുമെന്ന ആകാംഷയിലാണ് ആരാധകര്‍. എഐഎഡിഎംകെയുടെ സ്വാധീന മേഖലകളില്‍ കൂറ്റന്‍ സമ്മേളനം നടത്താനാണ് ആലോചന. എഐഎഡിഎംകെ നേതാവ് സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്ന പിന്നാലെയാണ് ഇങ്ങനെ ഒരു നീക്കം. എഐഎഡിഎംകെ നേതാക്കളെ ടിവികെയിലേക്ക് അടുപ്പിക്കാനും ശ്രമം നടന്നുവരികയാണ്.

തമിഴ്നാടിന്റെ ചരിത്രത്തില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് പുതിയ കാര്യമല്ല. അണ്ണാദുരൈ, എംജിആര്‍, കരുണാനിധി, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍ എന്നിവരടങ്ങുന്ന ഒരു നീണ്ട നിര തന്നെയുണ്ട്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കണ്ണിയാണ് നടന്‍ വിജയ്.
ടിവികെയുടെ ഗംഭീര തുടക്കത്തിന് പിന്നാലെ, വിജയ്യുടെ രാഷ്ട്രീയ ശൈലിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ജനങ്ങളെ നേരിട്ട് കാണുന്നില്ല, ട്വിറ്റര്‍ രാഷ്ട്രീയക്കാരനാണ്, വാരാന്ത്യ രാഷ്ട്രീയക്കാരന്‍ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് തമിഴ്നാട്ടിലുടനീളം ജനാസമ്പര്‍ക്ക പരിപാടികള്‍ നടത്താന്‍ വിജയ് തീരുമാനിച്ചത്.
സേലത്തും ഈറോഡും സമ്മേളനങ്ങള്‍ വരുന്നു
തിരുച്ചിയില്‍ നിന്ന് ആരംഭിച്ച ഈ യാത്ര നാഗപ്പട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളിലെ ഗംഭീര പരിപാടികള്‍ക്ക് ശേഷം കരൂരിലെത്തിയപ്പോള്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചു. തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവം രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കി. ഈ വിഷയത്തില്‍ നിലവില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഒരു മാസത്തിന് ശേഷമാണ് വിജയ് വീണ്ടും സജീവമായത്.
കാഞ്ചീപുരത്തെ ഒരു സ്വകാര്യ കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടി. തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം എന്നിവിടങ്ങളിലേക്കും പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന വിജയ്, പുതുച്ചേരിയില്‍ രോഡ് ഷോ നടത്താനും പദ്ധതിയിട്ടിരുന്നു. അനുമതി ലഭിക്കാത്തതിനാല്‍ പൊതുസമ്മേളനം നടത്താനാണ് നീക്കം.
തമിഴ്‌നാട്ടില്‍ രണ്ടിടത്ത് സമ്മേളനങ്ങള്‍ നടത്താനും വിജയ് ആലോചിക്കുകയാണ്. ഒന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ തട്ടകമായ സേലമാണ്. സെങ്കോട്ടയ്യന്റെ സ്വന്തം ജില്ലയായ ഈറോഡാണ് മറ്റൊന്ന്. സെങ്കോട്ടയ്യന്‍ തമിഴക വെറ്റ്രി കഴകത്തില്‍ ചേര്‍ന്നതിന് പിന്നാലെ, എടപ്പാടി പളനിസ്വാമി അദ്ദേഹത്തിന്റെ ജന്മനാടായ ഗോപിചെട്ടിപ്പാളയത്ത് വലിയ പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിനൊരു മറുപടി നല്‍കുന്നതിനാണ് ടിവികെയുടെ നീക്കം.












Click it and Unblock the Notifications