ദളപതി വിജയുടെ രാഷ്ട്രീയം; നടി ഐശ്വര്യ രാജേഷിന്റെ മറുപടി വൈറല്‍, തൃഷ മുമ്പ് പറഞ്ഞത്
ചെന്നൈ: നടന്‍ വിജയ് തമിഴ് രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷയോടെ ചുവടുവെച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അദ്ദേഹം കരുനീക്കം തുടങ്ങിക്കഴിഞ്ഞു. തമിഴ്‌നാട് യാത്രയ്ക്ക് ഒരുങ്ങുകയാണ് വിജയ്. പോലീസിന്റെ അനുമതി ടിവികെ നേതൃത്വം ചോദിച്ചുകഴിഞ്ഞു. ഈ മാസം തമിഴ്‌നാട് പര്യടനം ആരംഭിക്കുമെന്നാണ് വിവരം. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും യാത്ര.
വില്ലുപുരത്തും മധുരയിലും രണ്ട് സംസ്ഥാന സമ്മേളനം നടത്തി വിജയുടെ തമിഴക വെട്രി കഴക്കം (ടിവികെ) കരുത്ത് തെളിയിച്ചുകഴിഞ്ഞു. ഇനി ജനകീയ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സംസ്ഥാനതല പര്യടനം നടത്താന്‍ പോകുന്നത്. അതിനിടെ മറ്റു പാര്‍ട്ടികളിലെ പലരും ടിവികെയില്‍ ചേരുമെന്ന് പ്രചാരണമുണ്ട്.

വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ നിസാരമാക്കുകയാണ് ഡിഎംകെയും അണ്ണാഡിഎംകെയും. തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്, വിജയ്ക്ക് യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ്. നേരത്തെ പല താരങ്ങളും രാഷ്ട്രീയത്തില്‍ സജീവമായിട്ട് എന്തുസംഭവിച്ചു എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ മറിച്ച് അഭിപ്രായമുള്ളവരുമുണ്ട്.
ടിടിവി ദിനകരന്‍, ഒ പനീര്‍ശെല്‍വം എന്നിവരൊന്നും വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ നിസാരമായിട്ടല്ല കാണുന്നത്. വിജയുമായി സഖ്യമുണ്ടാക്കുമോ എന്ന് ഇവരോട് ചോദ്യമുയര്‍ന്നിരുന്നു എങ്കിലും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ഡിസംബറില്‍ നിലപാട് അറിയിക്കാം എന്നായിരുന്നു മറുപടി. അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളാണ് ഇരുവരും.
അതിനിടെയാണ് നടി ഐശ്വര്യ രാജേഷ് കഴിഞ്ഞ ദിവസം മധുരയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നത്. വിജയ് ക്ഷണിച്ചാല്‍ ടിവികെയില്‍ ചേരുമോ എന്നായിരുന്നു അവരോടുള്ള ചോദ്യം. വിജയ് ക്ഷണിച്ചാലും താന്‍ രാഷ്ട്രീയത്തില്‍ വരില്ല എന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തോട് താല്‍പ്പര്യമില്ല എന്നും ഐശ്വര്യ പറഞ്ഞു. ഈ പ്രതികരണം വലിയ ചര്‍ച്ചയായി.
അതേസമയം, നടി തൃഷ നേരത്തെ നടത്തിയ പ്രതികരണവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുണ്ട് എന്നായിരുന്നു അവരുടെ പ്രതികരണം. ജനങ്ങളെ സേവിക്കാനുള്ള അവസരമായിട്ടാണ് തൃഷ രാഷ്ട്രീയത്തെ കാണുന്നത്. വിജയുമായി വളരെ അടുത്ത സൗഹൃദമുള്ള നടിയാണ് തൃഷ. അതുകൊണ്ടുതന്നെ തൃഷ ടിവികെയില്‍ ചേരുമെന്ന് കരുതുന്ന നിരവധി ആരാധകരുണ്ട്.
സിനിമാ രംഗത്ത് നിന്ന് വന്ന് തമിഴ് രാഷ്ട്രീയം വാണവര്‍ നിരവധിയാണ്. അതേസമയം, പച്ച പിടിക്കാതെ പോയ താരങ്ങളുമുണ്ട്. നേരത്തെ ഡിഎംകെയെയും അണ്ണാഡിഎംകെയെയും ബിജെപിയെയും വിമര്‍ശിച്ച് രംഗത്തുവന്ന നടന്‍ കമല്‍ ഹാസന്‍ ഒടുവില്‍ ഡിഎംകെ പിന്തുണയില്‍ രാജ്യസഭാ അംഗമാണിപ്പോള്‍. അണ്ണാഡിഎംകെ ദുര്‍ബലമാകുകയും വിജയകാന്തിന്റെ ഡിഎംഡികെ നേതൃത്വ പ്രതിസന്ധി നേരിടുകയും ചെയ്യുമ്പോഴാണ് വിജയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications