വിജയ് അടുത്ത സീറ്റും പിടിക്കും; വിജയഭാസ്‌കറെ കളത്തിലിറക്കാന്‍ നീക്കം, സൂചന നല്‍കി സെങ്കോട്ടയ്യന്‍
രണ്ട് പ്രധാന ദ്രാവിഡ പാര്‍ട്ടികളെ അമ്പരപ്പിച്ചാണ് സി ജോസഫ് വിജയ് നയിക്കുന്ന ടിവികെ തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചത്. 108 സീറ്റില്‍ ജയിച്ച ടിവികെക്ക് പക്ഷേ ഒറ്റയ്ക്ക് ഭരിക്കാന്‍ മതിയായ അംഗബലം കിട്ടിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വിസികെ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെയാണ് ഭരണം. എന്നാല്‍ അധികം വൈകാതെ ഇനിയും തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചിത്രം മാറിയേക്കും.
മല്‍സരിച്ച രണ്ടു സീറ്റിലും ജയിച്ച വിജയ് തൃച്ചി ഈസ്റ്റ് മണ്ഡലം ഒഴിവാക്കി പെരമ്പൂര്‍ നിലനിര്‍ത്തി. ഇതോടെ ടിവികെയുടെ അംഗബലം 107 സീറ്റായി കുറഞ്ഞു. അടുത്തിടെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ടിവികെ അംഗങ്ങള്‍ 109 ആയി ഉയര്‍ന്നു. 234 അംഗ നിയമസഭയില്‍ 118 സീറ്റുകളില്‍ ജയിച്ചാല്‍ ടിവികെക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കും.

ഇനി അഞ്ച് സീറ്റുകളാണ് തമിഴ്‌നാട് നിയമസഭയില്‍ ഒഴിഞ്ഞു കിടക്കുന്നത്. ഇതില്‍ ചില മണ്ഡലങ്ങളിലെ ഫലം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കോടതി തീരുമാനം വരുന്ന പിന്നാലെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഈ സീറ്റുകള്‍ കൂടി പിടിക്കാന്‍ സാധിച്ചാല്‍ ടിവികെയുടെ അംഗബലം കൂടും. മറ്റു പാര്‍ട്ടികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വീരാളിമലൈ. സി വിജയഭാസ്‌കര്‍ ആയിരുന്നു ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. എഐഎഡിഎംകെ നേതാവായിരുന്ന ഇദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നത് കഴിഞ്ഞ ജൂലൈയിലാണ്. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അടുത്തിടെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ സ്വീകരിച്ച അതേ തന്ത്രം ടിവികെ വീരാളിമലൈ മണ്ഡലത്തിലും സ്വീകരിച്ചേക്കും. സി വിജയഭാസ്‌കര്‍ തന്നെ ഇവിടെ ജനവിധി തേടുമെന്ന സൂചനയാണ് വന്നിരിക്കുന്നത്. റവന്യൂ മന്ത്രിയും മുതിര്‍ന്ന ടിവികെ നേതാവുമായ കെഎ സെങ്കോട്ടയ്യന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വിജയഭാസ്‌കര്‍ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമെന്ന് സൂചിപ്പിച്ച സെങ്കോട്ടയ്യന്‍ അദ്ദേഹം ജയിക്കുമെന്നും വിജയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
വിജയഭാസ്‌കര്‍ ആരാണ് എന്ന് പറയേണ്ടതില്ല. രാഷ്ട്രീയത്തിലെ എല്ലാ അടവും പഠിച്ച വ്യക്തിയാണ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്യും. ശേഷം വിജയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കും- സെങ്കോട്ടയ്യന്‍ വീരാളിമലൈയിലെ പൊതു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. ധരാപുരത്തും മധുരാന്തകത്തും ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രം ടിവികെ പയറ്റിയാല്‍ വിജയഭാസ്‌കറിനെ തന്നെയാകും വീരാളിമലൈയിലെ സ്ഥാനാര്‍ഥി. എന്നാല്‍ അന്തിമ തീരുമാനം വിജയ് എടുക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം.


Click it and Unblock the Notifications
