സഭയിൽ വിജയ്‌യെ പറപ്പിച്ച് ഉദയനിധി സ്റ്റാലിൻ, ടിവികെയും ഡിഎംകെയും നേർക്ക് നേർ ഏറ്റുമുട്ടൽ, തിരിച്ചടിച്ച് വിജയ്
തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനിടെ ഭരണകക്ഷിയായ ടിവികെയ്ക്ക് എതിരെ കടുത്ത വിമർശനങ്ങളുമായി ഡിഎംകെ. വിജയിന്റെ സർക്കാർ ഒരു താൽക്കാലിക പ്രതിഭാസമാണെന്നും ഭരണപരമായ പക്വത സർക്കാരിനില്ലെന്നുമാണ് ഡിഎംകെ ആരോപിക്കുന്നത്. വ്യക്തമായ പ്രത്യയശാസ്ത്രമോ ദീർഘകാല പദ്ധതികളോ ഇല്ലാതെയാണ് ടിവികെ ഭരണം നടത്തുന്നതെന്നും വൈകാതെ തന്നെ ഈ സർക്കാർ തകരുമെന്നും ഡിഎംകെ തുറന്നടിച്ചു.
മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങളെയും നിലപാടുകളെയും പരിഹസിച്ചും കടന്നാക്രമിച്ചും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്. സിനിമയിലെ താരപ്പകിട്ട് രാഷ്ട്രീയത്തിൽ വോട്ടായി മാറില്ലെന്നും ക്യാമറയ്ക്ക് മുന്നിലെ അഭിനയമല്ല യഥാർത്ഥ ഭരണമെന്നുമാണ് ഉദയനിധി സ്റ്റാലിൻ തുറന്നടിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വെറും കാഴ്ചക്കാരെ കൂട്ടാൻ മാത്രമേ സഹായിക്കൂ എന്നും ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു എന്നും ഉദയനിധി വ്യക്തമാക്കി.
''സിനിമയിൽ കാണിക്കുന്നത് പോലെയല്ല യഥാർത്ഥ രാഷ്ട്രീയം. സിനിമയിൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ച് ജനങ്ങളെ കയ്യിലെടുക്കാം. എന്നാൽ രാഷ്ട്രീയത്തിൽ അത് നടപ്പില്ല'', ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അല്ലു അർജുന്റെ 'പുഷ്പ' എന്ന സിനിമയിലെ ഡയലോഗുകൾ ഉദാഹരണമായി കാട്ടിയാണ് വിജയിനെ ഉദയനിധി പരിഹസിച്ചത്.

''വീട്ടിൽ വാങ്ങിയ പുതിയ സോഫ പോലെയാണ് വിജയ്‌യുടെ പാർട്ടി. പാർട്ടിയുടെ നയങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തതയില്ല. വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു''. വിശ്വാസ വോട്ടെടുപ്പിനിടെ ഭരണപക്ഷത്തെ പിന്തുണച്ച ചില കക്ഷികളുടെ നിലപാടിനെയും ഉദയനിധി ചോദ്യം ചെയ്തു. കുതിരക്കച്ചവടത്തിലൂടെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെയുമാണ് വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് ആരോപിച്ചു. ഇത്തരം ഒരു സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെയുടെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി വിജയ് മറുപടി നൽകി. വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നാണ് വിജയ് പ്രതികരിച്ചത്. തന്റെ സർക്കാർ കുതിരവേഗത്തിൽ പ്രവർത്തിക്കുമെന്നും കുതിരക്കച്ചവടത്തിനല്ല ജനസേവനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് ഡിഎംകെ സർക്കാർ നടപ്പിലാക്കിയ നല്ല പദ്ധതികൾ തുടരുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം വിജയിന്റെ ആരാധകരും ടിവികെ പ്രവർത്തകരും ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. വിജയിനെ വ്യക്തിപരമായി ആക്രമിക്കാനല്ല, മറിച്ച് രാഷ്ട്രീയമായി നേരിടാനാണ് താൻ ശ്രമിക്കുന്നതെന്ന് ഉദയനിധി വ്യക്തമാക്കി. അതിനിടെ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിന്റെ പാർട്ടിയെ പിന്തുണയ്ക്കാതെ ഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. വോട്ടെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്നും ജനാധിപത്യ വിരുദ്ധമായാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ആരോപിച്ചായിരുന്നു നടപടി.














Click it and Unblock the Notifications