വിജയ് ശരിക്കും പെട്ടു; '5 കോടി' നേതാക്കളില്ല, ടിവികെ എന്തു ചെയ്യും? പ്രമുഖര്‍ക്കിടയില്‍ ഭിന്നത
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥികളെ കിട്ടാതെ വിജയ് നയിക്കുന്ന ടിവികെ. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓര്‍ഗനൈസര്‍ ബുസി ആനന്ദ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യമായിരുന്നു പ്രധാന ചര്‍ച്ച. 234 മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍. വിജയുടെ ടിവികെ ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. എല്ലായിടത്തും മല്‍സരിക്കണമെങ്കില്‍ ഭീമമായ സംഖ്യ ആവശ്യമാണ്. ഇതെവിടെ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്.
ഒരു മണ്ഡലത്തില്‍ ചുരുങ്ങിയത് അഞ്ച് കോടിയെങ്കിലും ചെലവ് വരുമെന്നാണ് യോഗത്തില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടത്. ഇത്രയും തുക ചെലവഴിക്കാന്‍ സാധിക്കുന്ന നേതാക്കള്‍ ടിവികെയില്‍ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ മറ്റുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കാമെന്ന് പലരും അഭിപ്രായപ്പെട്ടു. നേരത്തെ സഖ്യം വേണ്ട എന്ന് അഭിപ്രായപ്പെട്ടവരും ഇപ്പോള്‍ സഖ്യമാകാം എന്ന നിലയിലേക്ക് എത്തി.

യോഗത്തില്‍ പങ്കെടുത്ത മിക്ക നേതാക്കളും എഐഎഡിഎംകെയുമായി സഖ്യം ചേരാമെന്ന അഭിപ്രായം പങ്കുവച്ചു. എന്നാല്‍ മികച്ച വിജയം നേടിയാല്‍ എഐഎഡിഎംകെ ഒറ്റയ്ക്ക് ഭരിക്കുമെന്നും ടിവികെയെ ഒതുക്കുമെന്നും ചിലര്‍ പ്രതികരിച്ചു. 1991ല്‍ കോണ്‍ഗ്രസിനെയും 2011ല്‍ വിജയകാന്തിന്റെ പാര്‍ട്ടിയെയും എഐഎഡിഎംകെ ഒതുക്കിയ കാര്യവും ഇവര്‍ എടുത്തു പറഞ്ഞു.
അധികാരം പങ്കിടാന്‍ എഐഎഡിഎംകെ തയ്യാറാകില്ല. വിജയിയെ ഉപമുഖ്യമന്ത്രായാക്കാനും അവര്‍ തയ്യാറാകില്ല. പാര്‍ട്ടിക്ക് പങ്കാളിത്തമില്ലാത്ത സര്‍ക്കാരിന് വേണ്ടിയാണോ വോട്ട് ചോദിക്കേണ്ടത് എന്ന് ടിവികെ യോഗത്തില്‍ ചിലര്‍ ചോദിച്ചു. ടിവികെ ചുരുങ്ങിയത് 40 സീറ്റ് ചോദിക്കണമെന്നും ഇത് വിട്ടുതരാന്‍ എഐഎഡിഎംകെ തയ്യാറാകില്ലെന്നും അഭിപ്രായമുയര്‍ന്നു.
ബിജെപി അവസരം മുതലെടുത്തേക്കാം
വ്യക്തമായ ഭൂരിപക്ഷം എഐഎഡിഎംകെക്ക് കിട്ടിയില്ലെങ്കില്‍ ബിജെപി അവസരം മുതലെടുക്കാനുള്ള സാധ്യതയുണ്ട്. ബിജെപി ആദര്‍ശ ശത്രുവാണ് എന്ന് നേരത്തെ വിജയ് വ്യക്തമാക്കിയതാണ് തുടങ്ങിയ കാര്യങ്ങള്‍ ചില ജില്ലാ നേതാക്കള്‍ ടിവികെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിജയുടെ അടുത്ത സഹായികളായ നേതാക്കള്‍ക്കിടയില്‍ സഖ്യരൂപീകരണം സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് മറ്റൊരു വിവരം.
ബുസി ആനന്ദ്, ആധവ് അര്‍ജുന, സിടിആര്‍ നിര്‍മല്‍ കുമാര്‍, ജോണ്‍ അരോഗ്യസാമി, അര്‍ജുന്‍ രാജ് എന്നിവരാണ് വിജയുടെ അടുത്ത വൃത്തങ്ങള്‍. ഇവരാണ് ടിവികെയെ ചലിപ്പിക്കുന്നത്. നേരത്തെ സഖ്യം രൂപീകരിക്കുന്നതിന് എല്ലാവരും എതിരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലര്‍ സഖ്യമാകാം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രയാസം കണക്കിലെടുത്ത് സഖ്യം രൂപീകരിക്കാം എന്ന അഭിപ്രായം ബുസി ആനന്ദ് പ്രകടിപ്പിച്ചു. എന്നാല്‍ ആരുമായും സഖ്യം വേണ്ട എന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ രാജ്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ ആണ് ആധവ് അര്‍ജുന. ഇദ്ദേഹത്തിന്റെ കുടുംബം ഇഡി അന്വേഷണം നേരിടുന്നുണ്ട്.












Click it and Unblock the Notifications