വിജയുടെ ഭാര്യ കോടീശ്വര പുത്രി; മധുര സമ്മേളനത്തിലെ അഭാവം ചര്‍ച്ച, അച്ഛനും അമ്മയും വന്നിട്ടും...
ചെന്നൈ: സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തില്‍ സജീവമായതോടെ അച്ഛന്‍ ചന്ദ്രശേഖറും അമ്മ ശോഭയും വലിയ സന്തോഷത്തിലാണ്. വിജയുടെ രാഷ്ട്രീയ താല്‍പ്പര്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ മാധ്യമങ്ങളെ അറിയിച്ചത് ചന്ദ്രശേഖര്‍ ആയിരുന്നു. വിജയുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം ശ്രമിച്ചു. വിഷയം കോടതി വരെ എത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. തമിഴക വെട്രി കഴകം (ടിവികെ) എന്ന പേരില്‍ വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി. മധുര ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയ് മല്‍സരിക്കുമെന്ന വിവരങ്ങളും വന്നു. ഇതോടെയാണ് മറ്റൊരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിജയുടെ ഭാര്യ സംഗീത എവിടെ?

പിതാവ് എസ്എ ചന്ദ്രശേഖറും മാതാവ് ശോഭയും ടിവികെയുടെ മധുര സമ്മേളനത്തിന് എത്തിയിരുന്നു. ഇരുവരെയും വിജയ് ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരുടെയും പിണക്കം മാറി എന്ന് വീഡിയോ പങ്കുവച്ച് നിരവധി ആരാധകര്‍ പറയുന്നു. എന്നാല്‍ ഈ വേളയിലാണ് വിജയ് സംഘടിപ്പിക്കുന്ന വേദികളിലൊന്നും ഭാര്യ സംഗീതയെ കാണുന്നില്ല എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിക്കുന്നത്.
വിജയുടെ ഭാര്യ എവിടെ, സംഗീതയെ വീണ്ടും കാണുന്നില്ല, എന്തുകൊണ്ട് ഇത്രയും വലിയ പരിപാടിക്ക് വിജയുടെ ഭാര്യ വന്നില്ല... തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. വിജയുടെ രാഷ്ട്രീയ എതിരാളികളാണ് ഈ വിഷയം സജീവ ചര്‍ച്ചയാക്കുന്നത്. മകനൊപ്പം സംഗീത വിദേശത്താണ് എന്ന് ചിലര്‍ കമന്റുകളില്‍ സൂചിപ്പിക്കുന്നു. സംഗീത മാത്രമല്ല, മകന്‍ ജെയ്‌സണും മധുര സമ്മേളനത്തിന് എത്തിയിരുന്നില്ല.
സംഗീതയും വിജയിയും പിണക്കത്തിലാണെന്നും സംഗീത താമസം ലണ്ടനിലേക്ക് മാറ്റിയെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശരയില്ല എന്ന് സൂചിപ്പിച്ച് നടന്‍ സഞ്ജീവ് വെങ്കട്ട് ഒരു ടിവി ഷോയില്‍ പ്രതികരിച്ചു. വിജയുടെ വീട്ടില്‍ നിന്ന് ഇടയ്ക്ക് ഭക്ഷണം കഴിക്കാറുണ്ടെന്നും സംഗീത മികച്ച പാചകക്കാരിയാണെന്നും വെങ്കട്ട് പറയുന്നു.
ആരാണ് സംഗീത എന്നറിയാമോ?
ശ്രീലങ്കന്‍ വംശജയാണ് സംഗീത സ്വര്‍ണലിംഗം. 1974ല്‍ ചെന്നൈയിലാണ് ജനിച്ചത്. 1999ലായിരുന്നു വിജയുമായുള്ള വിവാഹം. ജെയ്‌സണ്‍, ദിവ്യ എന്നീ മക്കളുണ്ട്. ബ്രിട്ടനില്‍ താമസിക്കുന്ന പ്രമുഖ തമിഴ് വ്യവസായിയുടെ മകളാണ് സംഗീത. സംഗീതയ്ക്ക് 400 കോടിയുടെ ആസ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സിനിമകളുടെ ആരാധികയായിരുന്നു സംഗീത. ഇതാണ് ഇരുവരെയും അടുപ്പിച്ചതും പിന്നീട് വിവാഹത്തിലെത്തിച്ചതും.
പൂവെ ഉണക്കാകെ എന്ന വിജയ് സിനിമ സംഗീത ലണ്ടനില്‍ വച്ചാണ് കണ്ടത്. പിന്നീട് വിജയിയെ കാണാന്‍ സംഗീത ചെന്നൈയില്‍ വന്നു. അല്‍പ്പ നേരം സംസാരിച്ചു ഭക്ഷണം കഴിച്ചു പിരിഞ്ഞു. പിന്നീട് പലപ്പോഴും കാണുകയും ബന്ധം പ്രണയത്തിലേക്ക് മാറുകയും ചെയ്തു. ശേഷം കുടുംബങ്ങളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. നേരത്തെ വിജയുടെ ചില പരിപാടികളില്‍ സംഗീത വന്നിരുന്നു എങ്കിലും അടുത്ത കാലത്താണ് അവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.












Click it and Unblock the Notifications