"ഈ വീഡിയോ എടുത്തു വെച്ചോളൂ, വിജയ് തമിഴ്‌നാട് ഭരിക്കും"; പ്രശാന്ത് കിഷോറിന്റെ അന്നത്തെ മാസ്സ് പ്രവചനം വൈറൽ
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം ഇന്ന് പിറന്നിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വിജയിയുടെ 'തമിഴക വെട്രി കഴകം' നൂറിലധികം സീറ്റുകളിലാണ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനിടയിൽ മൂന്നാമതൊരാൾക്ക് സ്ഥാനമില്ലെന്ന് കരുതിയിരുന്നവർക്ക് തെറ്റി. ഈ അമ്പരപ്പിക്കുന്ന മുന്നേറ്റം നേരത്തെ തന്നെ പ്രവചിച്ച ഒരാളുണ്ട്; പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ.
ഒരു വർഷം മുൻപ് 2025ൽ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോർ വിജയിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് സംസാരിച്ചത്. വിജയ് തനിച്ച് മത്സരിച്ചാൽ ജയിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് കിഷോർ നൽകിയ മറുപടി ഇതായിരുന്നു: "ഈ വീഡിയോ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചോളൂ. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇതൊന്ന് പ്ലേ ചെയ്യണം. വിജയ് തനിച്ച് മത്സരിക്കാനാണ് തീരുമാനമെങ്കിൽ തമിഴ്‌നാട്ടിൽ അദ്ദേഹം അധികാരം പിടിക്കാൻ വലിയ സാധ്യതയുണ്ട്."
ഭരണത്തിന് ആവശ്യമായ 118 സീറ്റുകൾ വിജയിക്ക് കിട്ടുമോ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോഴും, "തീർച്ചയായും, അതിനുള്ള എല്ലാ സാധ്യതയുമുണ്ട്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കിഷോർ പറഞ്ഞത് പോലെ വിജയ് തമിഴ്നാട് ഭരിക്കാൻ പോവുകയാണ്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ സ്വന്തമാക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. 109 സീറ്റുകളിലാണ് ടിവികെയുടെ വിജയം.

2024 ഫെബ്രുവരി 2നാണ് ടിവികെ എന്ന രാഷ്ട്രീയ പാർട്ടി വിജയ് രൂപീകരിച്ചത്. പ്രശാന്ത് കിഷോർ ആയിരുന്നു പാർട്ടിയുടെ ഉപദേശകൻ. രണ്ട് വർഷങ്ങൾ മാത്രം പ്രായമുളള പാർട്ടിയാണ് ദശാബ്ദങ്ങളായി തമിഴ്നാട്ടിൽ ചുവടുറപ്പിച്ചിരുന്ന ഡിഎംകെയേയും എഐഎഡിഎംകെയേയും അട്ടിമറിച്ചിരിക്കുന്നത് എന്നത് അവിശ്വസനീയമാണ്. ടിവികെ പല മണ്ഡലങ്ങളിലും വോട്ട് പിടിക്കും എന്നല്ലാതെ ഇത്ര വലിയ വിജയം നേടുമെന്ന് ആരും കരുതിയിരുന്നില്ല.
ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു പാർട്ടിയും രാഷ്ട്രീയ പരിചയമില്ലാത്ത ഒരു നടനും എങ്ങനെ വലിയ പാർട്ടികളെ മറികടക്കുമെന്നായിരുന്നു പലരുടെയും ചോദ്യം. എക്സിറ്റ് പോൾ ഫലങ്ങൾ പലതും ഡി.എം.കെയ്ക്ക് അനുകൂലമായിരുന്നു. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ടിവികെ 98 മുതൽ 120 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ചിരുന്നു. ഇതാകട്ടെ വലിയ തരത്തിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ശരിവെക്കുന്ന തരത്തിലുളള തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ തമിഴ്നാട്ടിലുണ്ടായിരിക്കുന്നത്.














Click it and Unblock the Notifications