പുതിയ ആവശ്യവുമായി വിജയ്; പ്രധാനമന്ത്രി മോദിക്ക് കത്ത്, സുപ്രീംകോടതി ബെഞ്ച് ചെന്നൈയില്‍ വേണം
സുപ്രീംകോടതിയുടെ ബെഞ്ച് ചെന്നൈയില്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കത്തയച്ചു. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് വിജയ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1980കള്‍ മുതല്‍ ഈ ആവശ്യം തമിഴ്‌നാട് ഉന്നയിക്കുന്നുണ്ടെന്നും ഇതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്നും വിജയ് ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം ഗുണം ചെയ്യുന്ന ഈ ആവശ്യത്തിന്റെ നിയമ വശങ്ങള്‍ കൂടി വിജയ് കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 130 പ്രകാരം ഈ വിഷയത്തില്‍ രാഷ്ട്രപതിയുടെ അനുമതിയോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തീരുമാനങ്ങള്‍ എടുക്കാം. ചീഫ് ജസ്റ്റിസുമാരുടെ 1979ലെ സമ്മേളനം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു എന്നും വിജയ് ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സുപ്രീം കോടതിയുടെ നിയമ നടപടികള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് എത്തേണ്ട അവസ്ഥാണ് നിലവില്‍. ദക്ഷിണേന്ത്യയിലെ പ്രധാന നഗരമായ ചെന്നൈയില്‍ സുപ്രീംകോടതിയുടെ ബെഞ്ച് വരുന്നത് മേഖലയ്ക്ക് മൊത്തം നേട്ടമാകും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതികളില്‍ ഒന്നാണ് ചെന്നൈയിലേത് എന്നും 1862ലാണ് ഇത് സ്ഥാപിതമായത് എന്നുമുള്ള ചരിത്ര പശ്ചാത്തലവും വിജയ് സൂചിപ്പിച്ചു.
2007ല്‍ വിഷയം പരിഗണിച്ച സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ജഡ്ജിമാര്‍ക്ക് താമസിക്കാനും മറ്റുമുള്ള അടിസ്ഥാന പശ്ചാത്തല സൗകര്യം സംസ്ഥാനം ഒരുക്കുമെന്ന ഉറപ്പും വിജയ് ആവര്‍ത്തിച്ചു. എല്ലാവര്‍ക്കും നിയമ സഹായം ലഭിക്കേണ്ടതുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് വളരെ ദൂരെ ആയതിനാല്‍ ദക്ഷിണേന്ത്യയിലുള്ളവര്‍ക്ക് തടയപ്പെടരുത്. 2016ല്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് വിട്ട കാര്യവും എടുത്തു പറഞ്ഞ വിജയ് സംസ്ഥാനത്തിന്റെ ആവശ്യം പ്രധാനമന്ത്രി പരിഗണിക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.
2004, 2006, 2008, 2021 എന്നീ വര്‍ഷങ്ങളില്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും ദേശീയ നിയമ കമ്മീഷനും സുപ്രീംകോടതിക്ക് മേഖലാ ബെഞ്ചുകള്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ജുഡീഷ്യല്‍ നിഷ്പക്ഷത വിട്ടുവീഴ്ച ചെയ്യാതെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം കാത്തുസൂക്ഷിക്കണമെന്നും ബെഞ്ചുകള്‍ പൂര്‍ണമായും ചീഫ് ജസ്റ്റിസിന്റെ നിയന്ത്രണത്തിലാകണം എന്നും വിജയ് ആവശ്യപ്പെട്ടു.
നിലവില്‍ മദ്രാസ് ഹൈക്കോടതിക്ക് മധുര ബെഞ്ച് നിലവിലുണ്ട്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്കും മേഖലാ ബെഞ്ചുകളുണ്ട്. കേരള ഹൈക്കോടതിക്ക് കൊച്ചിക്ക് പുറമെ കോഴിക്കോട് സ്ഥിരം ബെഞ്ച് വേണം എന്ന ആവശ്യം നേരത്തെയുണ്ടായിരുന്നു. എല്ലാവര്‍ക്കും നിയമ സഹായം സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ബെഞ്ചുകള്‍ സ്ഥാപിക്കുന്നത്.


Click it and Unblock the Notifications
