തമിഴ് രാഷ്ട്രീയത്തിന്റെ പാറ്റേണ്‍ മാറ്റിയ വിജയകാന്ത്; കരുണാനിധിയേയും ജയലളിതയേയും വെല്ലുവിളിച്ച കരുത്ത്
ചുരുങ്ങിയ കാലത്തേക്കെങ്കിലും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്വന്തമായ ഇടം കണ്ടെത്തി സാക്ഷാല്‍ കരുണാനിധിയേയും ജയലളിതയേയും പോലും വെല്ലുവിളിച്ചയാളാണ് വിജയകാന്ത്. തമിഴ് സിനിമാ ലോകത്ത് കമല്‍ ഹാസന്‍, രജനികാന്ത് എന്നിവരോട് മത്സരിച്ച് മൂന്നാമന്‍ എന്ന പദവി അലങ്കരിച്ചത് പോലെ രാഷ്ട്രീയത്തിലും തന്റേതായ ഇടം കണ്ടെത്താന്‍ വിജയകാന്തിന് സാധിച്ചിരുന്നു.
ദേശീയ പാര്‍ട്ടികളായ ബി ജെ പിക്കും കോണ്‍ഗ്രസിനും സ്വാധീനം ചെലുത്താന്‍ സാധിക്കാതിരുന്ന തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തി ബദലാകാന്‍ ശ്രമിച്ച ആളായിരുന്നു വിജയകാന്ത്. അതിനാലാണ് ഡി എം കെയുടേയും എ ഐ എ ഡി എം കെയുടേയും കുത്തക ഇളക്കാനെങ്കിലും വിജയകാന്തിന് സാധിച്ചത്. 2006 ല്‍ 8.38 ശതമാനം വോട്ടും തുടര്‍ന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10.3 ശതമാനവും വിജയകാന്തിന്റെ ഡി എം ഡി കെ നേടിയിരുന്നു.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 234 സീറ്റിലും ഡി എം ഡി കെ മത്സരിച്ചിരുന്നു. എന്നാല്‍ വിജയകാന്ത് മത്സരിച്ച സീറ്റില്‍ മാത്രമായിരുന്നു ഡി എം ഡി കെയ്ക്ക് ജയിക്കാനായത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലും ജയിക്കാനായിരുന്നില്ല. എങ്കിലും ഡി എം ഡി കെയും വിജയകാന്തും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു വലിയ ശക്തിയായി കണക്കാക്കപ്പെട്ടിരുന്നു.
ഡി എം ഡി കെ ഘടകം കാരണമാണ് 2006 ലെയും 2009 ലെയും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകാതിരുന്നത് എന്നാണ് എ ഐ എ ഡി എം കെ വിശ്വസിച്ചിരുന്നത്. അതിനാലാണ് ജയലളിതയുടെ വിശ്വസ്തയും സഹായിയുമായ വി കെ ശശികലയും തുഗ്ലക്ക് മാസികയുടെ എഡിറ്ററുമായ ചോ രാമസ്വാമിയും ജയലളിതയോട് വിജയകാന്തുമായി സഖ്യമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. വിജയകാന്തിനോട് താല്‍പര്യമില്ലായിരുന്നെങ്കിലും ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ജയലളിത 2011 ല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് സമ്മതിച്ചു.
അങ്ങനെ തമിഴ്നാട് രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമാണ് താനെന്ന് തെളിയിച്ച് വിജയകാന്ത് രാഷ്രീയത്തിലും ക്യാപ്റ്റനായി. എ ഐ എ ഡി എംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിച്ച 41 സീറ്റുകളില്‍ 29 ലും വിജയിക്കുകയും ഡി എം കെയെ തകര്‍ക്കാന്‍ ജയലളിതയെ സഹായിക്കുകയും ചെയ്തു. എന്നാല്‍ അന്ന് വിജയകാന്ത് ജയലളിത മന്ത്രിസഭയില്‍ എത്തിയില്ല.
പകരം പ്രതിപക്ഷ നേതാവായി. എ ഐ എ ഡി എം കെയ്ക്ക് പിന്നില്‍ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു ഡി എം ഡി കെ. ഡി എം കെയേയും കരുണാനിധിയേയും തറപറ്റിക്കാന്‍ ജയലളിത തന്നെ കണ്ടെത്തിയ മാര്‍ഗമായിരുന്നു സഖ്യകക്ഷിയായ ഡി എം ഡി കെ നേതാവിനെ പ്രതിപക്ഷ നേതാവാക്കുക എന്നത്. എന്നാല്‍ നിയമസഭയില്‍ ജയലളിതയും വിജയകാന്തും പരസ്പരം കടന്നാക്രമിക്കുന്നതിനും പിന്നിട് തമിഴകം കണ്ടു.
തന്റെ പാര്‍ട്ടിയുടെ സഹായമില്ലാതെ സംസ്ഥാനത്ത് എ ഐ എ ഡി എം കെ അധികാരത്തില്‍ വരില്ലെന്ന് വിജയകാന്ത് പറഞ്ഞപ്പോള്‍ ഡി എം ഡി കെയുമായി കൂട്ടുകൂടാന്‍ തനിക്ക് ഒരിക്കലും താല്‍പ്പര്യമില്ലെന്നായിരുന്നു ജയലളിതയുടെ മറുപടി. പിന്നീടൊരിക്കലും ഡി എം ഡി കെയ്ക്ക് രാഷ്ട്രീയത്തില്‍ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല. എങ്കിലും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഡി എം കെയ്ക്കും എ ഐ എ ഡി എംകെയ്ക്കും അപ്പുറം ഒരു രാഷ്ട്രീയ ബദലിനെക്കുറിച്ച് വിജയകാന്ത് പ്രതീക്ഷ നല്‍കിയതായി അദ്ദേഹത്തിന്റെ അനുയായികളില്‍ പലരും വിശ്വസിക്കുന്നു.












Click it and Unblock the Notifications