വിജയിയുടെ സത്യപ്രതിജ്ഞ മെയ് 7 ന്? 'രണ്ടാഴ്ചക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കും'.. ഒരുക്കങ്ങൾ ഇങ്ങനെ
തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയിയുടെ സത്യപ്രതിജ്ഞ മെയ് 7 ന് നടക്കും. നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് വിജയ് കത്ത് നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്ന് കത്തിൽ വിജയ് വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് കന്നിയങ്കത്തിനിറങ്ങിയ വിജയിയുടെ ടിവികെ സ്വന്തമാക്കിയത്. ആകെയുള്ള 234 സീറ്റുകളിൽ 108 സീറ്റുകളിലാണ് ടിവികെ ജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാൻ ഇനിയും 8 സീറ്റുകൾ പാർട്ടിക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ മറ്റ് പാർട്ടികളുടെ പിന്തുണ കൂടിയേ തീരു. വിജയ് ആരുമായി സഖ്യമുണ്ടാക്കുമെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

എ ഐ എ ഡി എം കെയുമായി വിജയ് സഖ്യമുണ്ടാക്കാനുള്ള സാധ്യതയില്ല. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇക്കാര്യത്തിൽ വിജയ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസും പട്ടാളി മക്കൾ കക്ഷിയും (PMK) ടി വി കെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് നിലവിൽ ഡി എം കെയുടെ സഖ്യകക്ഷിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ രാഹുൽ ഗാന്ധി വിജയിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. കോണ്‍ഗ്രസ് ടിവികെയുമായി കൈകോർക്കാനുള്ള സാധ്യതയായി ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്.
സഖ്യം ഉണ്ടാക്കിയാൽ തന്നെ പ്രധാന മന്ത്രി പദങ്ങളടക്കം കോണ്‍ഗ്രസിനും പി എം കെയ്ക്കും നൽകേണ്ടി വരും. രണ്ട് മന്ത്രി സ്ഥാനങ്ങൾ എന്ന ആവശ്യം നേതാക്കൾ ഉയർത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. കോണ്‍ഗ്രസ് പിന്തുണച്ചാൽ ഇടതുപാർട്ടികളും ടിവികെയെ പിന്തുണച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.എന്നാൽ ഇതുവരെ ഈ പാർട്ടികളൊന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. വിടുതലൈ ചിരുത്തൈകൾ കക്ഷി (വി സി കെ), ദേശിയ മുർപോക്ക് ദ്രാവിഡ കഴകം ( ഡി എം ഡി കെ) പോലുള്ള പ്രാദേശിക കക്ഷികൾ സഖ്യചർച്ചകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
അതിനിടെ വിജയ് മത്സരിച്ച് വിജയിച്ച് രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ ആര് മത്സരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പേരമ്പൂരും ത്രിച്ചി ഈസ്റ്റുമാണ് വിജയ് ജയിച്ചത്. ഇതിൽ പേരമ്പൂർ അദ്ദേഹം നിലനിർത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ത്രിച്ചിയിൽ നടി തൃഷയെ മത്സരിപ്പിച്ചേക്കുമോയെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ നേതൃത്വം നടത്തിയിട്ടില്ല.












Click it and Unblock the Notifications