അദ്ധ്യാപകര്‍ കളിയാക്കിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
വിജയവാഡ: ബുദ്ധിയില്ലെന്ന് അദ്ധ്യാപകര്‍ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്ന് പതിമൂന്നുകാരിയായ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചു. വിജയവാഡയിലെ രാമവരപ്പാട് ജംങ്ഷനിലുള്ള രവീന്ദ്ര ഭാരതി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നാഗസത്യ ഭാര്‍ഗവിയാണ് അദ്ധ്യാപകരുടെ കളിയാക്കലില്‍ മനംനൊന്ത് ജീവനൊടുക്കിയത്.
വിജയവാഡയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഒരു സ്‌കൂളിലെ അദ്ധ്യാപകനാണ് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍. അദ്ധ്യാപകരുടെ കൡയാക്കലിനെ കുറിച്ച് പെണ്‍കുട്ടി പിതാവിനോട് പരാതിപ്പെട്ടിരുന്നു. അദ്ധ്യാപകര്‍ കളിയാക്കുന്നതിനാല്‍ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കണമെന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് പിതാവ് സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി സംസാരിച്ചെങ്കിലും സ്‌കൂള്‍ മാറാന്‍ സമ്മതിച്ചില്ലെന്ന് പറയുന്നു. ഇതോടെ മനോവിഷമത്തിലായ പെണ്‍കുട്ടി വൈകിട്ടുള്ള ഇന്റര്‍വെല്‍ സമയത്ത് രണ്ടാനിലയിലുള്ള സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നും സ്‌കൂള്‍ അടച്ചിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കുപോയ 15 വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ കുറേവര്‍ഷം അടച്ചിട്ടിരുന്നു.












Click it and Unblock the Notifications