വിജയ് കുഴപ്പിക്കുമല്ലോ... ഒരു പ്രഖ്യാപനം മാത്രം മതി; അടിത്തട്ട് ഭദ്രമാക്കുന്നു, ഇനി തൊഴിര്‍ സംഘം
ചെന്നൈ: നടന്‍ വിജയ് നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളും തമിഴകത്ത് വലിയ ചര്‍ച്ചയാണ്. എന്താണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന ചോദ്യം സ്വാഭാവികം. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്ത് വിജയ് ഉണ്ടാകുമെന്നാണ് പ്രചാരണം. അതിനുള്ള കളമൊരുക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിനിമാ താരത്തില്‍ നിന്ന് രാഷ്ട്രീയ നേതാവ് എന്ന മട്ടിലേക്കുള്ള മാറ്റമാണ് വിജയ് നടത്തുന്നതത്രെ. തന്റെ ആരാധകരുടെ സംഘടനയെ ഒരു വെല്‍ഫെയര്‍ ഓര്‍ഗനൈസഷനായി മാറ്റിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ദളപതി വിജയ് മക്കള്‍ ഇയക്കം (ടിവിഎംഐ) പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തിരുന്നു.

വിജയുടെ ഏറ്റവും പുതിയ നീക്കം രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. പുതിയ തൊഴിലാളി സംഘടന രൂപീകരിക്കുകയാണ് അദ്ദേഹം. തിരുപ്പൂരില്‍ സംഘടന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഇത് തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ടിവിഎംഐ നേതാക്കളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അംബേദ്കര്‍, ഇവിആര്‍ പെരിയാര്‍, കെ കാമരാജ് തുടങ്ങിയവരുടെ ആശയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനാണ് വിജയ് നിര്‍ദേശിച്ചിരിക്കുന്നതത്രെ. ദ്രാവിഡം, തമിഴ് ദേശീയത, സാത്തിയം എന്നീ വിഷയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുക എന്നും നേതാക്കള്‍ സൂചിപ്പിച്ചു. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങി തമിഴ്‌നാട്ടിലെ മറ്റ് ദ്രാവിഡ പാര്‍ട്ടികളെ പോലെ അടിത്തറ ശക്തമാക്കുന്ന ശ്രമത്തിലാണ് ടിവിഎംഐ എന്ന് ജനറല്‍ സെക്രട്ടറി ബുസി എന്‍ ആനന്ദ് പറഞ്ഞു.
പുതിയ തൊഴിര്‍ സംഘം (ട്രേഡ് യൂണിയന്‍) തുടങ്ങാന്‍ തീരുമാനിച്ചുവെന്നും ആനന്ദ് പറഞ്ഞു. ഓരോ ജില്ലയിലും പ്രവര്‍ത്തനം തുടങ്ങും. ഓട്ടോ റിക്ഷ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി സാധാരണ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ട്രേഡ് യൂണിയന്‍ ശക്തമാക്കും. വനിത വിഭാഗം, സോഷ്യല്‍ മീഡിയ, യുവജനവിഭാഗം, വിദ്യാര്‍ഥി വിഭാഗം എന്നിവയെല്ലാം ഇതിനകം ഇയക്കത്തിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.
തിരുപ്പൂരിലും സമീപ ജില്ലകളിലും തൊഴിലാളി സംഘടന തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വ്യവസായ ശാലകളും തൊഴിലാളികളുമുള്ള മേഖലയാണിത്. മറ്റു ജില്ലകളിലേക്കും ട്രേഡ് യൂണിയന്‍ വരുമെന്നും ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. കടലൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങിയാല്‍ തമിഴകത്ത് വലിയ ചര്‍ച്ചയാകും. ജയലളിതയുടെ വിയോഗ ശേഷം എഐഎഡിഎംകെ വിഘടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം തമിഴകത്തുണ്ട്. വിജയുടെ രാഷ്ട്രീയ പ്രവേശം സ്വാഗതം ചെയ്ത് നിരവധി താരങ്ങള്‍ ഇതിനകം രംഗത്തുവന്നുകഴിഞ്ഞു. അടുത്തിടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് വിജയ് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications