വിജയ് കോണ്‍ഗ്രസിന്റെ കൈ പിടിക്കുമോ? രാഹുലിനായി പ്രത്യേക നീക്കം, പട്ടികയില്‍ പിണറായിയും
ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച തമിഴ് സൂപ്പർ താരം വിജയ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിനായുള്ള ഒരുക്കത്തിലാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനായി പാർട്ടിയെ പൂർണ്ണ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയ് കരുക്കള്‍ നീക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയ് തനിച്ച് മത്സരിക്കുമോ അതോ അല്ലെങ്കില്‍ ഏതെങ്കിലും പാർട്ടികളുമായി സഖ്യം രൂപീകരിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തമായ സൂചനകളൊന്നും താരം നല്‍കിയിട്ടില്ല.
വിജയ് ഏത് സഖ്യത്തിന്റെ ഭാഗമാകും എന്ന ചർച്ചകള്‍ ശക്തമാകുന്നതിന് ഇടയിലാണ് പാർട്ടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു പുതിയ നീക്കവും വിജയ് നടത്തിയിരിക്കുന്നത്. പാർട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനായി കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി വിജയ് ബന്ധപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് പുറമെ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, രേവന്ത് റെഡ്ഡി, ചന്ദ്രബാബു നായിഡു, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ പങ്കെടുപ്പിക്കാനും വിജയ് ശ്രമിക്കുന്നുണ്ട്.
കോണ്‍ഗ്രസും സി പി എമ്മും തമിഴ്നാട്ടില്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗമാണ്. ആ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. മറിച്ച് നേതാക്കള്‍ പങ്കെടുക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ പുതിയ സഖ്യ സാധ്യതകള്‍ തുറിന്നിടുകയും ചെയ്യും.
നേരത്തെ വിജയിയെ പാർട്ടിയിലേക്ക് പരസ്യമായി സ്വാഗതം ചെയ്തുകൊണ്ട് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അതിനും വർഷങ്ങള്‍ക്ക് മുമ്പ് 2009 ല്‍ വിജയ് ഡല്‍ഹിയില്‍ എത്തി അന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അപ്പോഴും വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു.
അതേസമയം, ടി വി കെയുടെ പതാകയും ചിഹ്നവും കഴിഞ്ഞ മാസം വിജയ് പുറത്തിറക്കിയിരുന്നു. താഴെയും മുകളിലും മെറൂൺ, നടുവില്‍ മഞ്ഞയും അടങ്ങുന്നതാണ് പതാക. മഞ്ഞയില്‍ ഇരുവശത്തും ഓരോ ആനകളും മധ്യഭാഗത്ത് നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട പീലി വിടർത്തിയ മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും വിജയ് പരിപാടിക്കിടെ പറഞ്ഞു. "നിങ്ങൾ എല്ലാവരും ഞങ്ങളുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ ഞാൻ അത് പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാൻ ഇന്ന് ഞങ്ങളുടെ പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്തു. എനിക്ക് അഭിമാനം തോന്നുന്നു... തമിഴ്‌നാടിൻ്റെ വികസനത്തിനായി നമ്മള്‍ ഒരുമിച്ച് പ്രവർത്തിക്കും." അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications