കൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് മോദി: ഈ-ഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചു
ദില്ലി: പഞ്ചായത്ത് രാജ് ദിനത്തില്‍ രാജ്യത്താകെയുള്ള ഗ്രാമപഞ്ചായത്തുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പുതിയ പാഠവും സന്ദേശവുമാണ് രാജ്യത്തിന് നല്‍കുന്നതെന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് വലിയ പങ്കുണ്ട്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ സ്വയംപര്യാപ്തമാകണമെന്ന പാഠമാണ് കോവിഡിൽ നിന്നും പഠിക്കേണ്ടത്.
നമ്മള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കൊറോണവൈറസ് സൃഷ്ടിച്ചത്. മാറിയ ഈ സാഹചര്യം നമ്മൾ കൂടുതൽ ശക്തരാകണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ മഹാമാരിയെ നേരിടുന്നതിൽ നമ്മുടെ ഗ്രാമപഞ്ചായത്തുകൾക്ക് വലിയ പങ്കുണ്ട്. അതിനായി ഗ്രാമപഞ്ചായത്തുകള്‍ കൂടുതല്‍ ശക്തമാവുകയും വികസിക്കേണ്ടതുമുണ്ട്. നമ്മുടെ പ്രവര്‍ത്തന ശൈലികള്‍ മൊത്തത്തില്‍ മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒന്നേകാല്‍ ലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്റ് എത്തിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്ത് 100 പേര്‍ക്ക് മാത്രം ഇന്‍റര്‍നെറ്റ് സേവനം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാമൂഹിക അകലം പാലിക്കുന്നത് എങ്ങനെയെന്ന് ഗ്രാമങ്ങള്‍ കാണിച്ചുതന്നെന്നും മോദി പറഞ്ഞു. ഇഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും പ്രധാനമന്ത്രി അവതരിപ്പിച്ചു.
ഇഗ്രാം സ്വരാജ് പോർട്ടലിലും ആപ്പിലും ഫണ്ടുകളുടെ പുരോഗതിയുടെ വിശദാംശങ്ങൾ ഉണ്ടാകും. ഫണ്ടുകളും അവ എങ്ങനെ ഉപയോഗിച്ചു എന്നതുപോലുള്ള മറ്റ് എല്ലാ വിശദാംശങ്ങളും ഇതിലുണ്ടാകും. ഫണ്ട് എങ്ങനെ ചെലവഴിക്കുന്നുവെന്ന് പൊതുജനങ്ങൾക്ക് അറിയാമെന്നും ഇത് സുതാര്യത ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
Recommended Video
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക എന്നിവിടങ്ങളിലാവും ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കി, നമ്മള്‍ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications