ഒളിംപിക്‌സിന് ശേഷം സമ്പത്ത് വര്‍ധിച്ചത് അഞ്ചിരട്ടി, ആഡംബര കാറുകളും സ്വന്തം; വിനേഷിന്റെ ആസ്തി ഇത്ര
ഹരിയാനയില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായ തോല്‍വി നേരിട്ടെങ്കിലും ജുലാനയിലെ വിനേഷ് ഫോഗട്ടിന്റെ വിജയം ആശ്വാസം പകരുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല. 19 വര്‍ഷത്തിന് ശേഷമാണ് ജുലാനയില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. അതിനാല്‍ തന്നെ കന്നി പോരാട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ ജയിക്കാനായത് വിനേഷ് ഫോഗട്ടിനെ പോലെ കോണ്‍ഗ്രസിനും അഭിമാനിക്കാവുന്ന കാര്യമാണ്.
ഗുസ്തി റിംഗിലെ അവിശ്വസനീയമായ നേട്ടങ്ങള്‍ക്ക് പേരുകേട്ട വിനേഷ് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധവും ഒളിംപിക്‌സിലെ ഭാരപരിശോധനയിലെ പരാജയവും എല്ലാമായി വിനേഷ് ചര്‍ച്ചാ വിഷയമായിരുന്നു. ഒളിംപിക്‌സിന് പിന്നാലെയാണ് താരം കായികരംഗത്തോട് വിട പറഞ്ഞത്.

പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷ് സ്ഥാനാര്‍ത്ഥി പട്ടികയിലും ഇടം നേടി. കായികരംഗത്തെ മികച്ച പ്രകടനം ഗണ്യമായ സമ്പത്ത് സമ്പാദിക്കാന്‍ താരത്തെ സഹായിച്ചു. 1994 ഓഗസ്റ്റ് 25 ന് ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ ജനിച്ച വിനേഷ് ഫോഗട്ടിന്റെ കുടുംബം ഗുസ്തി പാരമ്പര്യമുള്ളവരായിരുന്നു. അച്ഛന്‍ രാജ്പാല്‍ ഫോഗട്ട്, കസിന്‍മാരായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരെല്ലാം പ്രഗത്ഭരായ ഗുസ്തിക്കാരായിരുന്നു.
നിരവധി അംഗീകാരങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് വിനേഷിന്റെ കരിയര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ താരം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് ഒന്നിലധികം തവണ (2014, 2018, 2022) സ്വര്‍ണം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് 2018-ല്‍ സ്വര്‍ണവും 2014-ല്‍ വെങ്കലവും നേടി. 2019, 2022 വേള്‍ഡ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡലുകളും നേടി.
ഗുസ്തി മത്സരങ്ങള്‍ തന്നെയാണ് താരത്തിന്റെ പ്രധാന വരുമാന മാര്‍ഗം. കൂടാതെ പരസ്യ ചിത്രങ്ങളില്‍ നിന്നും ഗണ്യമായ തുക സമ്പാദിക്കുന്നു. യുവജനകാര്യ, കായിക മന്ത്രാലയത്തില്‍ നിന്ന് പ്രതിമാസം വിനേഷിന് 50000 രൂപയും വര്‍ഷം തോറും 6 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്. പാരീസ് ഒളിംപിക്‌സിന് ശേഷം തന്റെ പരസ്യമൂല്യവും താരം കൂട്ടി. നിലവില്‍ ഈയിനത്തില്‍ 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് താരം ഈടാക്കുന്നത്.
2024 ലെ പാരീസ് ഒളിംപിക്സിന് മുമ്പ് വിനേഷ് ഫോഗട്ടിന്റെ ആസ്തി അഞ്ച് കോടി രൂപയായിരുന്നു. എന്നാല്‍ ഇതിന് ശേഷം താരത്തിന്റെ ആസ്തിയില്‍ വമ്പന്‍ വര്‍ധനവ് ഉണ്ടായി എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ നിലവിലെ ആസ്തി 36.5 കോടി രൂപയാണ്. നിരവധി കാറുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 1.8 കോടി രൂപ വിലമതിക്കുന്ന ആഡംബര മെഴ്സിഡസ് ജിഎല്‍ഇ വിനേഷ് സ്വന്തമാക്കിയിട്ടുണ്ട്.
35 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍, 28 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഇന്നോവ, വോള്‍വോ എക്‌സ്‌സി60, ഹ്യുണ്ടായ് ക്രെറ്റ, ടിവിഎസ് സ്‌കൂട്ടി എന്നിവയും താരത്തിന്റെ ഗാരേജിലുണ്ട്. ഹരിയാനയിലെ ഖാര്‍ഖോഡയില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന വീടാണ് വിനേഷിനുള്ളത്. കൂടാതെ 2.25 ലക്ഷം രൂപയുടെ ആഭരണങ്ങളും താരത്തിന്റെ പേരിലുണ്ട്.












Click it and Unblock the Notifications