
ആദ്യകാല ടെലിവിഷൻ മാധ്യമപ്രവർത്തകൻ വിനോദ് ദുവ വിടവാങ്ങി; അന്ത്യം ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ
ദില്ലി: ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ പ്രശസ്തനായിരുന്ന വിനോദ് ദുവ (67) അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. സീ ടിവി, എൻഡിടിവി, ദ വയർ, ദൂരദർശൻ തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആരോഗ്യനില വഷളായതിനെ തുടർന്ന് വിനോദ് ദുവയെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും നില അതീവഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു. രാജ്യത്ത് ടെലിവിഷൻ മാധ്യമ പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽക്കേ ഇദ്ദേഹം നിരവധി റിപ്പോർട്ടുകളുമായി ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിത ചരിത്രത്തിലേക്ക്:
1954 മാർച്ച് 11 നാണ് ജനനം. ഹൻസ് രാജ് കോളേജിൽ നിന്ന് സാഹിത്യത്തിൽ ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1974 ൽ യുവാക്കൾക്കായി ദൂരദർശനിൽ തുടക്കമിട്ട ഹിന്ദി പരിപാടി 'യുവ മഞ്ചി'ലൂടെയായിരുന്നു ടെലിവിഷൻ സ്ക്രീനിലെ ഔദ്യോഗികത്തുടക്കം.1975 ൽ റായ്പൂരിലെ യുവാക്കൾക്കായി തുടങ്ങിയ 'യുവ് ജാൻ', അമൃത്സർ ടിവിയിലെ 'ജവാൻ തരംഗ്' തുടങ്ങിയവയുടെ അവതരണം ഈ മേഖലയിലെ പുതുമയായിരുന്നു. 1981 ൽ വിനോദ് ദുവയുടെ 'ആപ് കേ ലിയേ' എന്ന പ്രതിവാര ടിവി ഷോ ഏറെ ശ്രദ്ധേയമായി.
1984 ൽ പ്രണോയ് റോയുമൊത്ത് ദൂരദർശനിൽ നടത്തിയ തിരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെയാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. നിരവധി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞെടുപ്പ് വിശകലനം നടത്തിയും വിനോദ് ദുവ ശ്രദ്ധിക്കപ്പെട്ടു. 1987 ൽ ടിവി ടുഡെയിൽ ചീഫ് പ്രൊഡ്യൂസറായി. സീ ടിവി, സഹാറ ടിവി, ദുരദർശൻ, എൻഡിടിവി, ദ് വയർ തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിലും പ്രവർത്തിച്ചു.
മാധ്യമപ്രവർത്തന ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും ദുവയെ തേടിയെത്തി. 1996 രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചു. ഗോയങ്കയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച ആദ്യ ദൃശ്യ മാധ്യമ പ്രവർത്തകനായിരുന്നു വിനോദ് ദുവ. 2008 ൽ മാധ്യമ രംഗത്തെ മികവിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2017 ൽ മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബിന്റെ റെഡ് ഇങ്ക് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം
കൊവിഡ് രോഗബാധയെ തുടർന്ന് ദുവയുടെ ഭാര്യ പത്മാവതി ഇക്കഴിഞ്ഞ ജൂണിൽ അന്തരിച്ചിരുന്നു. ചിന്ന ദുവയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബർകുർ ദുവയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബക്കുൽ ദുവയുമാണ് മക്കൾ. 2020 മാർച്ച് 30 ൽ സമൂഹമാധ്യമമായ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടിയിൽ മോദി സർക്കാരിനെയും കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പിലെ പ്രവർത്തനങ്ങളെയും വിമർശിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ദുവയ്ക്കെതിരെ ചുമത്തിയ കേസ് വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇത് പിന്നീട് ഈ വർഷം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.