ആം ആദ്മിയുമായി അകന്ന വിനോദ് കുമാര്‍ ബിന്നിയും ബിജെപിയില്‍
ദില്ലി: മന്ത്രിയാക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വിനോദ് കുമാര്‍ ബിന്നി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്നോടിയായി ദില്ലി ബി.ജെ.പി തലവനായ സതീഷ് ഉപാദ്ധ്യായയുമായി ബിന്നി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. തനിക്ക് ഇത്തരം ഒരു അംഗീകാരം നല്‍കിയ ബിജെപിയോട് അദ്ദേഹം നന്ദി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഒരു നാടകമായിരുന്നെന്നും തുടക്കത്തില്‍ അക്കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും ബിന്നി പറഞ്ഞു. എഎപി ബ്ലാക്‌മെയിലിങ്ങിനായാണ് ജനങ്ങളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി ബാനറില്‍ മത്സരിച്ച ബിന്നി കഴിഞ്ഞ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മിനഗറില്‍ നിന്നും വിജയിച്ചിരുന്നു.

എന്നാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. കെജ്‌രിവാളിന്റെ വാഗ്ദാനങ്ങളെല്ലാം കള്ളമായിരുന്നെന്ന് ബിന്നി ആരോപിച്ചിരുന്നു. കെജ്‌രിവാള്‍ അവസരവാദിയാണെന്നും ആം ആദ്മി പാര്‍ട്ടി ഏകാധിപത്യ സ്വഭാത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതേ തുര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടി കൈക്കൊള്ളുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന കിരണ്‍ ബേദിയും ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന ഷാസിയ ഇല്‍മിയും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനിടെ കിരണ്‍ ബേദിയെ ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.












Click it and Unblock the Notifications