വോട്ടുടുപ്പിനിടെ കൊല്‍ക്കത്തയില്‍ പരക്കെ സംഘർഷം: വിവിപാറ്റ് പിടിച്ചെടുത്ത് തോട്ടിലെറിഞ്ഞു
കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘർഷം. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും സി പി എം പ്രവർത്തരും കൊൽക്കത്തയ്ക്ക് സമീപത്തെ ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ഭംഗറിലെ സതുലിയ മേഖലയില്‍ ഏറ്റമുട്ടി. സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്ന് നാടന്‍ ബോംബുകളും കണ്ടെത്തിയിട്ടുണ്ട്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ, അക്രമാസക്തരായ ജനക്കൂട്ടം പോളിംഗ് സ്റ്റേഷനുകളിലേക്ക് ഇടിച്ച് കയറുകയും ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) പിടിച്ചെടുത്ത് തോട്ടിലേക്ക് എറിയുകയും ചെയ്തു. ബൂത്തുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ചില പോളിംഗ് ഏജൻ്റുമാരെ തടഞ്ഞുവെന്നാരോപിച്ചായിരുന്നു പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ബസിർഹത്ത് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള സന്ദേശ്‌ഖാലിയിൽ വെള്ളിയാഴ്ച രാത്രി വൈകിയും വോട്ടെടുപ്പ് ദിവസം രാവിലെ വരേയും സംഘർഷാവസ്ഥ നിലനിന്നു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരുടെയും സംസ്ഥാന പോലീസിൻ്റെയും ഭീഷണിക്കെതിരെ പ്രാദേശത്തെ സ്ത്രീകൾ മുളവടികളുമായി പ്രതിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. സ്ത്രീകള്‍ക്ക് പിന്നില്‍ ബി ജെ പിയാണെന്നാണ് തൃണമൂല്‍ ആരോപണം.
സസ്‌പെൻഷനിലായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ്റെ കൂട്ടാളികൾ തങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്. അതേസമയം പ്രദേശത്തെ ബി ജെ പി അനുഭാവികൾ സന്നദ്ധപ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്നാണ് സംസ്ഥാന പോലീസ് വ്യക്തമാക്കുന്നത്.
ടി എം സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ ടി എം സി-ബി ജെ പി അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടി. ജാദവ്പൂരിലെ ഗാംഗുലി ബഗാനിൽ സി പി എം പ്രവർത്തകരെ ടി എം സി പ്രവർത്തകർ ആക്രമിക്കുകയും ക്യാമ്പ് ഓഫീസുകൾ അടിച്ചുതകർക്കുകയും ചെയ്തു. സി പി എം വോട്ടർമാരെ ഭീഷണിപ്പെടുത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ടി എം സി പ്രത്യാരോപണം.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലും സംഘർഷമുണ്ടായി. ഇറ്റ്ഖോല ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽ ടി എം സിയുടെയും ബി ജെ പിയുടെയും അനുയായികൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പ്രദേശത്ത് കല്ലേറുണ്ടായതായും മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications