പുഴ നിറയെ ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ! മഹാരാഷ്ട്രയിൽ നിന്നും ഞെട്ടിക്കുന്ന വീഡിയോ
മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ, താനെ അടക്കമുള്ള നഗര പ്രദേശങ്ങളിലെ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇപ്പോഴിതാ കനത്ത മഴയ്ക്കിടെ അമ്പരപ്പിക്കുന്ന ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റായ്ഗഡ് ജില്ലയിലെ പാതാളഗംഗ പുഴയിലൂടെയും സമീപത്തെ ഒരു തോടിലൂടെയും ആയിരക്കണക്കിന് പാചകവാതക സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകി വരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെയുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഈ അപകടമുണ്ടായത്.
റായ്ഗഡ് മേഖലയിൽ പെയ്ത അതിശക്തമായ മഴയാണ് ഈ വലിയ അപകടത്തിന് കാരണമായത്. വെള്ളത്തിന്റെ കനത്ത ഒഴുക്കിൽ എച്ച്പിസിഎൽ പ്ലാന്റിന്റെ സുരക്ഷാ മതിൽ പൂർണ്ണമായും തകരുകയായിരുന്നു. ഇതോടെ പ്ലാന്റിന്റെ ഉള്ളിലേക്ക് ശക്തമായി വെള്ളം ഇരച്ചുകയറുകയും അവിടെ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകൾ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഒഴുകിപ്പോയവയിൽ ഗ്യാസ് നിറച്ച സിലിണ്ടറുകളും ഒഴിഞ്ഞവയും ഉൾപ്പെടുന്നുണ്ട്. പുഴയിലൂടെ കൂട്ടത്തോടെ സിലിണ്ടറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ പാലത്തിൽ നിന്നുള്ളവരാണ് ക്യാമറയിൽ പകർത്തിയത്. ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെ പങ്കുവെച്ചതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിച്ചത്.
ഒഴുകിപ്പോയവയിൽ ഏതൊക്കെ സിലിണ്ടറുകളിലാണ് ഗ്യാസ് ഉള്ളതെന്ന് കൃത്യമായി തിരിച്ചറിയാൻ പറ്റാത്തത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനിടയിൽ പുഴയിലൂടെ ഒഴുകിവന്ന സിലിണ്ടറുകൾ ചില പ്രദേശവാസികൾ സ്വന്തം നിലയ്ക്ക് ശേഖരിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ കർശനമായ നിർദ്ദേശവുമായി റായ്ഗഡ് ജില്ലാ രംഗത്തെത്തി. പുഴയിലോ പരിസരങ്ങളിലോ കാണുന്ന സിലിണ്ടറുകൾ പൊതുജനങ്ങൾ ആരും തന്നെ തൊടാനോ, വീട്ടിലേക്ക് കൊണ്ടുപോകാനോ, ഉപയോഗിക്കാൻ ശ്രമിക്കാനോ പാടില്ലെന്ന് കളക്ടർ കർശന മുന്നറിയിപ്പ് നൽകി. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. അഥവാ ആർക്കെങ്കിലും സിലിണ്ടറുകൾ ലഭിക്കുകയാണെങ്കിൽ അത് ഉടൻ തന്നെ എച്ച്പിസിഎൽ പ്ലാന്റിലോ, അടുത്തുള്ള ഗ്യാസ് ഏജൻസികളിലോ, തഹസിൽദാർ ഓഫീസിലോ ഏൽപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ജില്ലാ ഭരണകൂടവും എച്ച്പിസിഎൽ അധികൃതരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ഏകദേശം ആയിരത്തോളം സിലിണ്ടറുകൾ ഇതിനോടകം തന്നെ തിരികെ കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ പുഴയുടെ തീരങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. എവിടെയെങ്കിലും സിലിണ്ടറുകൾ അടിഞ്ഞുകൂടിക്കിടക്കുന്നത് കണ്ടാൽ ഉടൻ തന്നെ വിവരം കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications