Viral Video: തെരുവുനായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടറുടെ ക്രൂരത; വാഹനം തടഞ്ഞ് നാട്ടുകാര്‍
ജോധ്പൂര്‍: ചങ്ങലയിട്ട നായയെ ഡ്രൈവര്‍ കാറില്‍ വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ വീഡിയോ ഞായറാഴ്ച രാജസ്ഥാനിലെ ജോധ്പൂരില്‍ ചിത്രീകരിച്ചതാണെന്നും ഡ്രൈവര്‍ ഒരു ഡോക്ടറാണെന്നുമാണ് വിവരം. ആള്‍ നായയുടെ കയര്‍ പിടിച്ച് വളരെ കഷ്ടപ്പെട്ടാണ് വാഹനം ഓടിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തുന്നത്.

വാഹനം ഓടിച്ച ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത്. കെട്ടിവലിക്കുന്നതിനിടെ നായ റോഡിന്റെ ഇരുവശത്തേക്കും ഓടുന്നത് കാണാം. പിന്നാലെ ബൈക്കില്‍ വന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു വ്യക്തി ബൈക്കിലെത്തി കാറിനെ തടയുന്നതും വീഡിയോയില്‍ കാണാം.

ഒട്ടേറെ വാഹനങ്ങള്‍ പോകുന്ന തിരക്കേറിയ റോഡിലാണ് ഈ ക്രൂരത നടന്നിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനത്തിനു ചുറ്റും തടിച്ചുകൂടി നായയെ ചങ്ങല അഴിച്ചു. അവരില്‍ ചിലര്‍ ഒരു എന്‍ജിഒയെ വിവരമറിയിക്കുകയും നായയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

എന്‍ ജി ഒ ഡോഗ് ഹോം ഫൗണ്ടേഷന്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് പ്രകാരം ഡോക്ടറുടെ പേര് രജനീഷ് ഗാല്‍വ എന്നാണ്. തന്റെ വീടന് സമീപം ഒരുപാട് തെരുവുനായ്ക്കളുണ്ടെന്നും അതിനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തെ തുടര്‍ന്ന് നായയുടെ കാലിന് ഗുരുതരമായ പരിക്കുണ്ട്. വാഹനം ഓടിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്. മൃഗപീഡന നിയമപ്രകാരം നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ പകര്‍പ്പും എന്‍ ജി ഒ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. നിരവധി പേരെയാണ് തെരുവുനായകള്‍ ആക്രമിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. പ്രതിപക്ഷവും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications