വിരാട് കോലിയുടെ കൈയ്യബദ്ധം; നടി അവ്‌നീത് കൗള്‍ ആരാണ്? ഇന്‍സ്റ്റയില്‍ 3 കോടി ഫോളവേഴ്‌സ്
മുംബൈ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ കൈയ്യബദ്ധത്തിലൂടെ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ് നടി അവ്‌നീത് കൗള്‍. നടിയുടെ ഗ്ലാമര്‍ ഫോട്ടോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്ത വിരാട് കോലിക്ക് എയറില്‍ കയറേണ്ടി വന്നു. പച്ച ക്രോപ് ടോപിലുള്ള നടിയുടെ ചിത്രവും ഇതോടെ വൈറലായി. സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകളിലേക്ക് 'കോലിയുടെ ലൈക്ക്' നയിച്ചു. എല്ലാം കൈവിട്ടുപോകുമെന്ന് തോന്നിയ കോലി പ്രതികരണവുമായി രംഗത്തെത്തി.
കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെയയും ചിലര്‍ വിവാദത്തിലേക്ക് കൂട്ടുപിടിച്ചു. ഫീഡ് ക്ലിയര്‍ ചെയ്യുന്നതിനിടെ അല്‍ഗോരിതത്തില്‍ നിന്ന് അബദ്ധത്തില്‍ ഇടപെടലുണ്ടായെന്നും മറ്റൊരു ഉദ്ദേശവും ഇതിന് പിന്നിലില്ലെന്നും കോലി പ്രതികരിച്ചു. അനാവശ്യമായ ഊഹങ്ങളിലേക്ക് വിഷയം കൊണ്ടുപോകരുതെന്നും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ താരം അഭ്യര്‍ഥിച്ചു.

എന്നാല്‍ ഇതോടെ കോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏകദേശം നിലച്ചെങ്കിലും ആരാണ് ആ നടി എന്ന ചോദ്യമുയര്‍ന്നു. അവ്‌നീത് കൗള്‍ എന്ന 24കാരിയെ തേടിയായി സെര്‍ച്ച്. എട്ടാം വയസില്‍ വിനോദ വ്യവസായ മേഖലയില്‍ സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അവ്‌നീത് കൗള്‍. ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും ഒടിടി പ്രൊജക്ടുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അവര്‍.
പഞ്ചാബില്‍ നിന്നുള്ള താരം
പഞ്ചാബിലെ ജലന്ധറില്‍ 2001 ഒക്ടോബര്‍ 13നാണ് അവനീത് കൗള്‍ ജനിച്ചത്. അടുത്തിടെ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തും ഇവരുടെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മൂന്ന് കോടിയിലധികം ഇന്‍സ്റ്റഗ്രാം ഫോളവേഴ്‌സ് ഉള്ള നടി കൂടിയാണ് അവ്‌നീത്. 2010ല്‍ ഡാന്‍സ് ഇന്ത്യ ഡാന്‍സ് ലിറ്റില്‍ മാസ്‌റ്റേഴ്‌സ് എന്ന ഷോയിലൂടെ തിളങ്ങിയാണ് അവ്‌നീതിന്റെ വരവ്.
മേരി മാത, ജലക് ദിഖ്‌ല ജാ, സാവിത്രി ഏക് പ്രേം കഹാനി, ഏക് മുത്തി ആസ്മാന്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ അവ്‌നീത് ചെയ്തിട്ടുണ്ട്. 2014ല്‍ യാഷ് രാജ് ഫിലിംസിന്റെ മര്‍ദാനിയിലൂടെ ബിഗ് സ്‌ക്രീനിലുമെത്തി. അതിന് ശേഷം വീണ്ടും ടെലിവിഷന്‍ സീരിയലായ ഹമാരി സിസ്റ്റര്‍ ദിദിയില്‍ അഭിനയിച്ചു.
ശുഭ്മാന്‍ ഗില്ലുമായി പ്രണയം?
സബ് ടിവിയില്‍ അലാവുദ്ദീന്‍- നാം തോ സുന ഹോഗയില്‍ സുല്‍ത്താന യാസ്മിന്‍ ആയി വേഷമിട്ടതോടെയാണ് അവര്‍ കൂടുതല്‍ പ്രശസ്തയായത്. ആമസോണ്‍ പ്രൈം വീഡിയോ തികു വെഡ്‌സ് ഷേരുവില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം പ്രണയ രംഗങ്ങള്‍ അഭിനയിച്ചതും ചര്‍ച്ചയായിരുന്നു. കങ്കണ റണാവത്ത് ആയിരുന്നു ഇതിന്റെ നിര്‍മാതാവ്. 2024ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രഖ്യാപിച്ച ലൗ ഇന്‍ വിയറ്റ്‌നാം എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.
ഈ വര്‍ഷം ആദ്യത്തില്‍ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മാച്ചിന്റെ ചിത്രം അവ്‌നീത് കൗള്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് ശുഭ്മാന്‍ ഗില്ലുമായി പ്രണയത്തിലാണ് എന്ന പ്രചാരണത്തിന് കാരണമായത്. തൊട്ടുപിന്നാലെ ശുഭ്മാന്റെ ജന്മദിനത്തില്‍ ആശംസ അറിയിച്ചതും ഊഹങ്ങള്‍ ശക്തിപ്പെടാന്‍ കാരണമായി. എന്നാല്‍ നിര്‍മാതാവ് രാഘവ് ശര്‍മയുമായി അവ്‌നീത് പ്രണയത്തിലാണ് എന്നാണ് അവരുടെ ആരാധകര്‍ പറയുന്നത്.












Click it and Unblock the Notifications