സെവാഗും ആരതിയും വേര്‍പിരിയുന്നു..? താമസം രണ്ട് വീടുകളിലെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വിവാഹമോചിതാരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിന് സാധ്യതയുണ്ടെന്നുമാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ജനിച്ച ആര്യവീര്‍, 2010 ല്‍ ജനിച്ച വേദാന്ത് എന്നിവരാണ് മക്കള്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സെവാഗ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ഫോട്ടോകള്‍ക്ക് പിന്നാലെയാണ് വിവാഹമോചന അഭ്യൂഹം പരക്കാന്‍ തുടങ്ങിയത്.

സെവാഗ് തന്റെ മക്കളും അമ്മയുമൊത്തുള്ള ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആരതി ഇതില്‍ ഉണ്ടായിരുന്നില്ല. വീരേന്ദര്‍ സേവാഗ് അടുത്ത കാലത്തായി ആരതിക്കൊപ്പമുള്ള ഫോട്ടോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇരുവരുടേയും പഴയ ഫോട്ടോകള്‍ ഉണ്ട്. അതേസമയം വിവാഹമോചന വാര്‍ത്തകള്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വീരേന്ദര്‍ സെവാഗ്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സെവാഗ്, 2007 ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 104 ടെസ്റ്റുകളില്‍ നിന്ന് 49.34 ശരാശരിയില്‍ 23 സെഞ്ചുറികളും 32 അര്‍ധസെഞ്ചുറികളും സഹിതം 8586 റണ്‍സ് ആണ് സെവാഗ് നേടിയിട്ടുള്ളത്.
2004 ല്‍ പാകിസ്താനെതിരെ മുള്‍ട്ടാനില്‍ വെച്ച് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി. 2008-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെന്നൈയില്‍ വെച്ച് അദ്ദേഹം മറ്റൊരു ട്രിപ്പിള്‍ സെഞ്ച്വറി നേടി. ഇതോടെ ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കളിക്കാരുടെ എലൈറ്റ് പട്ടികയില്‍ പ്രവേശിക്കാനും താരത്തിനായി.
ഏകദിനത്തില്‍, 251 മത്സരങ്ങളില്‍ നിന്ന് (245 ഇന്നിംഗ്സുകള്‍) 35.05 ശരാശരിയില്‍ 8273 റണ്‍സും 15 സെഞ്ചുറികളും 38 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ടി20യില്‍ രണ്ട് അര്‍ധസെഞ്ചുറികളോടെ 394 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 1999 ല്‍ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2001 ല്‍ ഏകദിനത്തിലും 2006 ല്‍ ടി 20യിലും അരങ്ങേറി. ഒന്നര പതിറ്റാണ്ടോളം നീണ്ട കരിയറിന് ശേഷം 2015 ഒക്ടോബറില്‍ ആണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications