ഹരിയാനയിൽ കോൺഗ്രസിന് വേണ്ടി ഇറങ്ങി വീരേന്ദ്ര സെവാഗ്; വമ്പൻ സർപ്രൈസ് എന്ന് ആരാധകർ
ഹരിയാനയിൽ കോൺഗ്രസിന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. തോഷാം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ആനന്ദ് ചൗധരിക്ക് വേണ്ടിയാണ് സേവാഗ് വോട്ട് തേടിയത്. സെവാഗിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അനിരുദ്ധ് ചൗധരിയെ തന്റെ സഹോദരൻ എന്നാണ് സേവാഗ് അഭിസംബോധന ചെയ്തത്. മുൻ ഹരിയാന മുഖ്യമന്ത്രി ബൻസിലാലിന്റെ മകനും മുൻ ബിസിസിഐ അധ്യക്ഷനുമായ റൺബീർ മഹേന്ദ്രയുടെ മകനാണ് ആനന്ദ് ചൗധരി. തന്റെ ബന്ധു കൂടിയായ ശ്രുതി ചൗധരിക്കെതിരായാണ് ആനന്ദിന്റെ പോരാട്ടം.

തന്നെ വളരെ അധികം സഹായിട്ടിച്ചുള്ള വ്യക്തിയാണ് റൺബീർ മഹേന്ദ്രയെന്നും തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണിതെന്നും പ്രചരണത്തിനിടെ സെവാഗ് പറഞ്ഞു. തന്റെ ജ്യേഷ്ഠ സഹോദരനായ ആനന്ദ് ചൗധരിയെ സഹായിക്കാൻ തനിക്ക് സാധിച്ചതിൽ സന്തോഷമുണ്ട്. തോഷം മണ്ഡലത്തിലെ എല്ലാ ജനങ്ങളോടും അദ്ദേഹത്തിന് വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്', സെവാഗ് പറഞ്ഞു.
അതേസമയം മണ്ഡലത്തിൽ വിജയിക്കാനാകുമെന്ന് ആനന്ദ് ചൗധരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ബിജെപിക്കെതിരെ മണ്ഡലത്തിൽ വിജയം നേടാൻ സാധിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കർഷകർ ഉൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ വലിയ പരാജയമാണ് രുചിച്ചത്. വികസനം സംസ്ഥാനത്ത് നടപ്പായില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് തന്റെ ലക്ഷ്യം', അദ്ദേഹം പറഞ്ഞു.
അതേസമയം സേവാഗ് കോൺഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതിൽ അമ്പരപ്പ് അറിയിക്കുകയാണ് ആരാധകർ. തികച്ചും സർപ്രൈസ് ആയിപ്പോയി എന്നാണ് പലരും എക്സിൽ കുറിച്ചത്. കോൺഗ്രസിന് വേണ്ടി സേവാഗ് പ്രചരണത്തിനിറങ്ങിയത് പാർട്ടിക്ക് വലിയ രീതിയിൽ ഗുണകരമാകുമെന്നാണ് ചിലരുടെ പ്രതികരണം. കായിക താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് എപ്പോഴും കൗതുകമുള്ള കാഴ്ചയാണ്. സേവാഗ് എങ്ങനെ കോൺഗ്രസിന് ഗുണം ചെയ്യുമെന്നത് കാത്തിരുന്ന് കാണാം', മറ്റ് ചിലർ പറഞ്ഞു.
ഒക്ടോബർ 5 നാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഒക്ടോബർ 8 ന് ഫലം പ്രഖ്യാപിക്കും. ഇത്തവണ സംസ‍്ഥാനത്ത് അധികാരം പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ഇത് നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. മാത്രമല്ല സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ബിജെപിയിലെ വിമത നീക്കത്തിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്.












Click it and Unblock the Notifications