കനേഡിയൻ പൗരൻമാർക്കുള്ള വിസ നിയന്ത്രണം; നടപടിയിൽ ഇളവുമായി ഇന്ത്യ
കാനഡയിൽ ചില വിസ സർവ്വീസുകൾ പുനഃരാരംഭിച്ച് ഇന്ത്യ. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകളാണ് നാളെ മുതൽ ലഭ്യമാകുക.സാഹചര്യം കൂടുതൽ വിലയിരുത്തി ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി കണ്ടാൽ ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളേയും തുടർന്ന് കഴിഞ്ഞ മാസമായിരുന്നു കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്ന നടപടി ഇന്ത്യ റദ്ദാക്കിയത്.ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്. രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.
ഒട്ടോവയിലുള്ള ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മാത്രം ഇവിടെയും മതിയെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കാനഡയെക്കാൾ കുറവ് നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് ഇന്ത്യക്ക് കാനഡയിൽ ഉള്ളത്. ഇതോടെ ഇന്ത്യയിൽ നിന്നും 41 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചിരുന്നു. ഇവരെ പിന്നീട് മറ്റ് ദക്ഷിണേന്ത്യൻ രാജ്യങ്ങളിലേക്ക് നിയമിച്ചു. അതേസമയം ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇതിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications