രാജ്യത്തെ എഐ വിപ്ലവത്തിന് അടിത്തറയാകാൻ വിശാഖപട്ടണം, വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ജീത് അദാനി
രാജ്യത്തെ മുൻനിര എഐ ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലകളിൽ വിശാഖപട്ടണത്തെ മുൻനിര കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ഡയറക്ടർ ജീത് അദാനി. ഊർജ്ജ സ്വയംപര്യാപ്തത, ഡാറ്റാ സെൻ്ററുകളുടെ വളർച്ച, ആഗോള പങ്കാളിത്തം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ഈ പുതിയ പദ്ധതി. എഐയുടെ ഉപയോഗം വേഗത്തിലാക്കുകയും അതുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ എഐ വിപ്ലവത്തിന്റെ ഹൃദയമായി വിശാഖപട്ടണത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, കിഞ്ചരാപ്പു രാംമോഹൻ നായിഡു, സംസ്ഥാന ഐടി മന്ത്രി നാരാ ലോകേഷ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ജീത് അദാനി ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ എഐ രംഗത്തെ ഭാവിയിലേക്കുള്ള മുന്നേറ്റം സോഫ്റ്റ്‌വെയർ നവീകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ജീത് അദാനി ചൂണ്ടിക്കാട്ടി. ഊർജ്ജം, കണക്റ്റിവിറ്റി, ഡാറ്റാ സംവിധാനങ്ങൾ എന്നിവയുടെ പിന്തുണയോടെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതും അതിൽ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് നിലവിൽ ഏകദേശം 1.3 ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെൻ്ററുകളാണുള്ളതെങ്കിൽ, വിശാഖപട്ടണത്ത് മാത്രം ഏകദേശം 1 ജിഗാവാട്ട് ശേഷി വരുന്ന ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും ജീത് അദാനി അറിയിച്ചു. ഇത് മേഖലയിൽ നടന്ന് കൊണ്ടിരിക്കുന്ന വികസനത്തിൻ്റെ വ്യാപ്തിയെ എടുത്തു കാണിക്കുന്നു. എഐ യുഗത്തിൻ്റെ നട്ടെല്ല് ഊർജ്ജമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിർമിത ബുദ്ധി കോഡിൽ എഴുതപ്പെട്ടിരിക്കാമെങ്കിലും, അത് പ്രവർത്തിക്കുന്നത് വൈദ്യുതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പ്യൂട്ടിങ് ചെലവുകളിൽ വൈദ്യുതിയുടെ പങ്ക് വലുതാണെന്നും, താങ്ങാനാവുന്നതും വിശ്വസനീയവുമായ ഊർജ്ജം എഐ ഉപയോഗം വികസിപ്പിക്കുന്നതിന് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ ഇന്ത്യക്ക് ഘടനാപരമായ മേന്മയുണ്ടെന്നും ആവശ്യമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അദാനി ഗ്രൂപ്പ് ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ജീത് അദാനി അറിയിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ ഭൂമിശാസ്ത്രത്തിൽ തന്ത്രപരമായ മാറ്റം നടക്കുന്നതായും ജീത് അദാനി അടിവരയിട്ടു. ദശാബ്ദങ്ങളായി പ്രധാന ഡിജിറ്റൽ ഗേറ്റ്‌വേകൾ മുംബൈയിലും ചെന്നൈയിലും കേന്ദ്രീകരിച്ചിരുന്നു. എന്നാൽ, വിശാഖപട്ടണത്ത് കടലിനടിയിലൂടെയുള്ള കേബിൾ ലാൻഡിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടെ, ഇന്ത്യയുടെ ആഗോള കണക്റ്റിവിറ്റിയെ പുനർനിർവചിക്കുന്ന ഒരു പുതിയ ഡിജിറ്റൽ ഗേറ്റ്‌വേ ഉയർന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നീക്കം ആഗോള ഡാറ്റാ ഒഴുക്കിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുമെന്നും, കാലതാമസം കുറയ്ക്കുമെന്നും, വ വലിയ തോതിലുള്ള എഐ പ്രവർത്തനങ്ങളെ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ ആന്ധ്രപ്രദേശ് സർക്കാർ അതിവേഗത്തിലും വ്യക്തതയോടെയും വിശാഖപട്ടണത്തെ ഇന്ത്യയുടെ എഐ ഭാവിയുടെ കേന്ദ്രമായി മാറ്റാൻ ശ്രമിക്കുന്നതിനെ ജീത് അദാനി പ്രശംസിച്ചു. ബാംഗ്ലൂർ ഇന്ത്യയുടെ സാങ്കേതിക വിപ്ലവത്തിൻ്റെ പ്രതീകമായി മാറിയതുപോലെ, വിശാഖപട്ടണം രാജ്യത്തെ എഐ വിപ്ലവത്തിന് അടിത്തറയാകാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിളുമായും മറ്റ് സാങ്കേതികവിദ്യാ പ്രമുഖരുമായും ഉള്ള പങ്കാളിത്തത്തെക്കുറിച്ചും ജീത് അദാനി പരാമർശിച്ചു. ഇത്തരം സഹകരണങ്ങൾ ആഗോള സാങ്കേതിക നേതൃത്വവും വിപുലമായ കണക്റ്റിവിറ്റിയും സംയോജിത അടിസ്ഥാന സൗകര്യ ശേഷികളും ഒരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ എഐ വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു പ്ലാറ്റ്ഫോം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഊർജ്ജ ഉത്പാദനം, വിതരണം, ഡിജിറ്റൽ ശൃംഖലകൾ, ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളിലായിരിക്കും ഈ നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുക.
കുറഞ്ഞ ഊർജ്ജ ചെലവുകൾ കമ്പ്യൂട്ടിങ്, മോഡൽ പരിശീലനം, എഐ അനുമാനം എന്നിവയുടെ ചെലവ് കുറയ്ക്കുമെന്നും, ഇത് എഐ സാങ്കേതികവിദ്യ കൂടുതൽ താങ്ങാനാവുന്നതും, എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുമെന്നും ജീത് അദാനി പറഞ്ഞു. ഇന്ത്യ ഭാവി നിർമ്മിക്കുകയും, ബുദ്ധിക്ക് രൂപം നൽകുകയും, എഐയുടെ ലഭ്യത ജനാധിപത്യവൽക്കരിക്കുകയും ചെയ്യുമെന്നും, ഈ യാത്ര വിശാഖപട്ടണത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications