വിജയ് സിനിമ ജനനായകന്‍ ചോര്‍ന്നു; ഒടിടി റിലീസ് നിര്‍ദേശിച്ച് വിശാല്‍, ജനം ആഘോഷിക്കും
നടൻ വിജയിയുടെ "ജനനായകൻ" എന്ന ചിത്രം എച്ച്ഡി നിലവാരത്തിൽ ഓൺലൈനിൽ ചോർന്നത് ആരാധകർക്ക് വലിയ ഞെട്ടലും നിരാശയുമാണ് സമ്മാനിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഏതാനും രംഗങ്ങൾ ചോർന്നിരുന്നു; പിന്നാലെ കഴിഞ്ഞ ദിവസം സിനിമ മുഴുവൻ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്ത്, കെ.വി.എൻ പ്രൊഡക്ഷൻസ് ₹500 കോടി മുടക്കിയ ബ്രഹ്മാണ്ഡ ചിത്രം സെൻസർ അംഗീകാരം ലഭിക്കാത്തതിനാൽ ഇതുവരെ റിലീസ് ചെയ്യാനായിട്ടില്ല. ഈ പ്രതിസന്ധിക്ക് നടുവിലാണ് ചിത്രത്തിന്റെ ചോർച്ച.
ചിത്രം ചോർന്ന സംഭവത്തിൽ നടൻ വിശാൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തി. അണിയറപ്രവർത്തകരുടെ കഠിനാധ്വാനം പാഴാകുന്നത് ദുഃഖകരമാണെന്നും, താൻ ഇരുപത് വർഷത്തിലേറെയായി വിജയിയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.

'ജനനായകൻ' ഒടിടിയിലോ സാറ്റലൈറ്റ് ചാനലുകളിലോ വന്നാലും ആരാധകർ അത് ആവേശത്തോടെ സ്വീകരിക്കുമെന്ന് വിശാൽ പറഞ്ഞു. "തിയേറ്ററിന് പകരം വീടുകളിൽ നിന്ന് ഞങ്ങൾ പ്രിയപ്പെട്ട നടനുവേണ്ടി വിസിലടിച്ച് സന്തോഷിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് വിശാൽ വ്യക്തമാക്കി.
സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്നും, നിയമപരമായി "ജനനായകൻ" എത്രയും പെട്ടെന്ന് തിയേറ്ററുകളിൽ എത്തണമെന്നാണ് ആഗ്രഹമെന്നും വിശാൽ അറിയിച്ചു. "എല്ലാവർക്കും നിയമപരമായി സിനിമ കാണാൻ അവസരം ലഭിക്കും. ദൈവം അനുഗ്രഹിക്കട്ടെ!" എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചിത്രത്തിന്റെ സെൻസർ പ്രശ്നങ്ങളെ വിശാൽ മുൻപും ശക്തമായി വിമർശിച്ചിരുന്നു. ഈ നിയമവിരുദ്ധ ചോർച്ചയെക്കുറിച്ച് കെ.വി.എൻ പ്രൊഡക്ഷൻസ് ഒരു പ്രസ്താവന പുറത്തിറക്കി; ചിത്രം ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതായി കെ.വി.എൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു.
സിനിമ അനധികൃതമായി ഡൗൺലോഡ് ചെയ്യുകയോ, പങ്കുവെക്കുകയോ, മൊബൈൽ ഫോണുകളിൽ സൂക്ഷിക്കുകയോ കാണുകയോ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് നിർമ്മാണ കമ്പനി മുന്നറിയിപ്പ് നൽകി. WhatsApp, Instagram, Telegram പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നവരെ കണ്ടെത്താൻ എളുപ്പമാണെന്നും അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന "ജനനായകൻ" സിനിമ പങ്കുവെക്കുകയോ ഫോണിൽ ശേഖരിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കാണുന്നതിന് മുമ്പായി ഡിലീറ്റ് ചെയ്യണമെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു.
സിനിമ ചോര്‍ന്നത് സംബന്ധിച്ച് പ്രൊഡക്ഷന്‍സ് കമ്പനി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിനിമ ചോര്‍ന്ന സംഭവം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാണ്. നടന്‍ ശിവകാര്‍ത്തികേയനാണ് ആദ്യം ഇതിനെതിരെ രംഗത്തുവന്നത്. സൂര്യ, ചിരഞ്ജീവി തുടങ്ങി നിരവധി താരങ്ങള്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. കോടികള്‍ ചെലവിട്ട് നിര്‍മിച്ച സിനിമ ചോരുന്നത് അംഗീകരിക്കാനാകില്ല. എത്രയോ പേരുടെ അധ്വാനമാണ് പാഴാകുന്നത് എന്നും താരങ്ങള്‍ പ്രതികരിച്ചു.












Click it and Unblock the Notifications