'കാണുന്നില്ലേ കമ്പനികളേ...'; ജോലി തേടിയലഞ്ഞ് കാഴ്ച്ചപരിമിതയുള്ള ഐഐഎം വിദ്യാര്‍ത്ഥി: പോസ്റ്റ് വൈറല്‍
തിരുച്ചിറപ്പള്ളി: ഐഐഎമ്മില്‍ നിന്ന് പഠിച്ചിറങ്ങിയിട്ടും കാഴ്ച്ച പരിമിതിയുടെ പേരില്‍ കമ്പനികള്‍ ജോലി നിഷേധിക്കുന്നുവെന്ന ദുഃഖം പങ്കുവെച്ച് വിദ്യാര്‍ത്ഥി. ഉയര്‍ന്ന യോഗ്യതയും കഴിവും എല്ലാം ഉണ്ടായിട്ടും ജോലിക്കായി പല കോര്‍പറേറ്റ് കമ്പനികളില്‍ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല, കാരണം ഒന്നു മാത്രം - തന്റെ കാഴ്ച്ച പരിമിതി. യുവാവ് പങ്കുവെച്ച ദുഖം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.
തിരുച്ചിറപ്പള്ളിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നാണ് എംബിഎ വിദ്യാര്‍ത്ഥിയായ അമേയ് തിവാരി പഠിച്ചിറങ്ങിയത്. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ജോലി ലഭിക്കാനുള്ള തന്റെ പോരാട്ടം ഫലം കാണുന്നില്ലെന്ന സങ്കടം അമേയ് ലോകത്തോട് പങ്കുവെച്ചത്. ഐഐഎം എന്ന അഭിമാനകരമായ മേല്‍വിലാസം ഉണ്ടായിട്ടും തനിക്കത് പ്രയോജനം ചെയ്യുന്നില്ലെന്നും ജോലി അന്വേഷിച്ച് ക്ഷീണിതനാണെന്നും അമേയ് പറയുന്നു. 'ഞാന്‍ എല്ലാം ശരിയായി ചെയ്തു. എന്നിട്ടും, എനിക്ക് ജോലിയില്ല'.

'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എന്റെ എംബിഎ അവസാനിക്കുമ്പോള്‍ അതൊരു നേട്ടത്തിന്റെ നിമിഷമാകേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൂരമായ തമാശ പോലെയാണ് തോന്നുന്നത്' - അമേയ് കുറിച്ചു.
കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതില്‍ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികള്‍ കാണിക്കുന്ന വിമുഖതയാണ് അമേയ് ചൂണ്ടിക്കാട്ടുന്നത്. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളോടുള്ള പക്ഷപാതത്തില്‍ നിരാശയും പ്രകടിപ്പിക്കുന്നു. തന്റെ തൊഴിലില്ലായ്മയ്ക്കു കാരണം അറിവില്ലായ്മയോ കഴിവില്ലാത്തതോ അല്ലെന്നും അമേയ് കുറിച്ചു.
ഭിന്നശേഷിയുള്ളവരെ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ് കമ്പനികള്‍ പരസ്യമായി ആഘോഷിക്കുന്നു. അവരെ പ്രചോദനം എന്ന് പറഞ്ഞ് വാഴ്ത്തുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അവരെ നിയമിക്കാന്‍ കമ്പനികള്‍ മടിക്കുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം ഉള്‍പ്പെടെ നേടിയിട്ടുള്ള അമേയ് തിവാരി പറഞ്ഞു.
'പ്രചോദനം എന്ന് വാഴ്ത്തുമ്പോഴും യാഥാര്‍ത്ഥ ലോകത്തില്‍ എന്നെപ്പോലുള്ള പ്രൊഫഷണലുകളെ തുല്യരായി കാണുന്നില്ല. തങ്ങളെ നിയമിക്കാന്‍ കമ്പനികള്‍ മടിക്കുന്നു. വൈവിധ്യം, ഉള്‍പ്പെടുത്തല്‍ അങ്ങനെ മനോഹരമായ ചില വാക്കുകളുണ്ട്. എന്നാല്‍ നിയമനത്തിന്റെ കാര്യം വരുമ്പോള്‍ കമ്പനികള്‍ നിശബ്ദത പാലിക്കുന്നു'
ഐഐഎമ്മുകളില്‍ നിന്ന് പതിവായി റിക്രൂട്ട് ചെയ്യുന്ന ഡസന്‍ കണക്കിന് കോര്‍പറേറ്റ് കമ്പനികളെ ടാഗ് ചെയ്തുകൊണ്ടാണ് അമേയ് തിവാരി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. തനിക്ക് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനുണ്ടെന്നും അതിനാല്‍ ഒരു ജോലി അടിയന്തരമായി വേണമെന്നും തിവാരി അപേക്ഷിക്കുന്നുണ്ട്.
അതേസമയം സഹതാപമോ പൊള്ളയായ വാഗ്ദാനങ്ങളോ തനിക്ക് ആവശ്യമില്ലെന്നും അമേയ് പറയുന്നുണ്ട്. 'ഇത് എന്റെ കാര്യം മാത്രമല്ല. എല്ലാ കഴിവുമുള്ള, കഠിനാധ്വാനം ചെയ്യാന്‍ മനസുള്ള ഭിന്നശേഷിയുള്ള പ്രൊഫഷണലുകള്‍ ഒരു ജോലിക്കായി കഠിനശ്രമം നടത്തേണ്ട സാഹചര്യമാണുള്ളത്.
അമേയുടെ പോസ്റ്റിന് 2,000-ത്തിലധികം പ്രതികരണങ്ങളാണ് ഇതിനകം ലഭിച്ചത്. ജോലിക്കായുള്ള പോരാട്ടങ്ങത്തെക്കുറിച്ച് തുറന്നുപറയുന്നതില്‍ അദ്ദേഹം കാണിച്ച ധൈര്യത്തെ കമന്റുകളിലൂടെ പലരും പ്രശംസിക്കുന്നുണ്ട്. ചിലര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications