എടപ്പാടിയും ശശികലയും ഒരേ സമയം അപ്പോളോ ആശുപത്രിയില്‍; പിന്നീട് സംഭവിച്ചത് ഇങ്ങനെ
ചെന്നൈ: ഒരു കാലത്ത് ഒരേ പാര്‍ട്ടിക്കാരായിരുന്നു വികെ ശശികലയും എടപ്പാടി പളനിസ്വാമിയും. ജയലളിതയുടെ മരണവും ശശികലയുടെ ജയില്‍ വാസവും അണ്ണാഡിഎംകെ എന്ന ദ്രാവിഡ പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലെത്തിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം പിടിക്കാന്‍ എടപ്പാടി പളനിസ്വാമിയും ഒ പന്നീര്‍ശെല്‍വവും ശ്രമിച്ചപ്പോള്‍ ജയിച്ചത് എടപ്പാടി. ഒടുവില്‍ അദ്ദേഹം മുഖ്യമന്ത്രിയായി. ഇരുവരും കൊണ്ടും കൊടുത്തും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശശികല ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.

രാഷ്ട്രീയത്തിലേക്കില്ലെന്ന് ആദ്യം പറഞ്ഞ അവര്‍ പിന്നീട് നിലപാട് മാറ്റി. അണ്ണാഡിഎംകെയെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് ശശികല പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടാനും തുടങ്ങി. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു ശശികലയുടെ ഓരോ ഓഡിയോ സന്ദേശവും. എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച അവര്‍ പക്ഷേ, പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനുള്ള നീക്കവും തുടങ്ങി. പളനിസ്വാമിയുടെ ഗൗണ്ടര്‍ സമുദായം അണ്ണാഡിഎംകെയുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ശശികലയുടെ ആരോപണം. ശശികലയെ പാര്‍ട്ടിയില്‍ എടുക്കരുത് എന്ന് പളനിസ്വാമി വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെയാണ് ഇന്ന് ഇരുവരും ഒരേസമയം അപ്പോളോ ആശുപത്രിയിലെത്തിയത്. ഇതോടെ മാധ്യമങ്ങളുടെ ശ്രദ്ധ അപ്പോളോയിലേക്കായി. പാര്‍ട്ടി ചെയര്‍മാന്‍ ഇ മധുസൂദനന്‍ അപ്പോളോ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കാനാണ് ഇരുനേതാക്കളും വന്നത്. ആദ്യമെത്തിയത് എടപ്പാടി പളനിസ്വാമിയാണ്. വൈകാതെ ശശികലയുമെത്തി. എന്നാല്‍ ശശികല എത്തിയ ഉടനെ പളനിസ്വാമി ആശുപത്രി വിടുകയായിരുന്നു. 15 മിനുട്ട് കഴിഞ്ഞ ശേഷം ശശികലയും ആശുപത്രി വിട്ടു. പാര്‍ട്ടി പതാക വച്ച കാറിലാണ് ശശികല എത്തിയത്.












Click it and Unblock the Notifications