'സ്വന്തം റിസ്കിൽ വോട്ട് ചെയ്യണം'; ബിജെപി വോട്ടര്‍മാർക്കെതിരെ തൃണമൂല്‍ എംഎല്‍എയുടെ ഭീഷണി
ദില്ലി; ബി ജെ പി അനുഭാവികൾക്കെതിരെ ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് എം എൽ എ. പാണ്ഡബേശ്വർ മണ്ഡലം എം എൽ എ നരേൻ ചക്രവർത്തിയാണ് ഭീഷണി മുഴക്കിയത്. വരാനിരിക്കുന്ന അസനോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി വോട്ട് ചെയ്യുന്നവർ സ്വന്തം റിസ്കിൽ വോട്ട് ചെയ്യണമെന്നായിരുന്നു എം എൽ എയുടെ ഭീഷണി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ എം എൽ എയ്ക്കെതിരെ ബി ജെ പി രംഗത്തെത്തി കഴിഞ്ഞു.

സ്വാധീനിക്കാന്‍ കഴിയാത്ത കടുത്ത ബി ജെ പി അനുഭാവികളെ ഭീഷണിപ്പെടുത്തണം. നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോയാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ കരുതുമെന്ന് അവരോട് പറയണം. അപ്പോൾ വോട്ടെടുപ്പ് കഴിഞ്ഞാൽ നിങ്ങൾ എവിടെയായിരിക്കുമെന്നത് നിങ്ങളുടെ ഉത്തരവാദിത്തമായിരിക്കും.നിങ്ങൾ വോട്ട് ചെയ്യാൻ പോകുന്നില്ലെങ്കിൽ, നിങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങൾ അനുമാനിക്കും, അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് സുഖമായിരിക്കാം. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ യാതൊരു കുഴപ്പവും ഉണ്ടാകാൻ പോകുന്നില്ല, എന്നായിരുന്നു നരേഷിന്റെ വാക്കുകൾ.
അതേസമയം ബി ജെ പിയുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യ, ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ ജയിലിൽ അടക്കുകയാണ് വേണ്ടത്. എന്നാൽ ബംഗാളിൽ മമത ബാനർജി ഇത്തരക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ നടപടിയെടുക്കണമെന്ന് വീഡിയോ പങ്കുവെച്ച് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
ലൈസൻസില്ലാത്ത തോക്കും വെടിയുണ്ടകളുമായി വിമാനത്തിൽ കയറാൻ ശ്രമിച്ചതിന് 2016ൽ കൊൽക്കത്ത വിമാനത്താവളത്തിൽ നരേൻ എംഎൽഎയെ തടഞ്ഞുവച്ചിരുന്നുവെന്ന് സുവേന്ദു അധികാരി ട്വീറ്റിൽ പറഞ്ഞു. അതേസമയം തൃണമൂൽ കോൺഗ്രസ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ 12നാണ് അസനോൾ മണ്ഡലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ബാബുൽ സുപ്രിയോ ബിജെപി വിട്ട് തൃണമൂലിൽ ചേർന്നതിനെ തുടർന്നാണ് അസൻസോൾ സീറ്റിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫാഷൻ ഡിസൈനറും എംഎൽഎയുമായ അഗ്നിമിത്ര പോളിനെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിച്ചത്. അതേസമയം ശത്രുഘ്നൻ സിൻഹയ്ക്കാണ് തൃണമൂൽ സീറ്റ് നൽകിയിരിക്കുന്നത്.












Click it and Unblock the Notifications