സ്റ്റാലിന്‍ പാര്‍ട്ടി പദവിയിയില്‍ നിന്നും പുറത്താക്കി; രണ്ടാം ദിനം ദുരൈസ്വാമി ബിജെപിയില്‍
ചെന്നൈ: മുതിര്‍ന്ന ഡിഎംകെ നേതാവ് വി പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു. ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു ബിജെപി പ്രവേശനം. ദുരൈസ്വാമിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ദുരൈസ്വാമിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ നീക്കം ചെയ്തത്. അതേസമയം ദുരൈസ്വാമിയെ പാര്‍ട്ടി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് കൊണ്ടുള്ള സ്റ്റാലിന്റെ പ്രസ്താവനയില്‍ കാരണം വ്യക്തമാക്കിയിരുന്നില്ല.

ബിജെപിയില്‍
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്റെയും മുതിര്‍ന്ന നേതാവ് ലാ ഗണേഷന്റേയും സാന്നിധ്യത്തിലായികുന്നു ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം എല്‍ മുരുകനുമായി ദുരൈസ്വാമി കൂടികാഴ്ച്ച നടത്തിയിരുന്നു. ദുരൈസ്വാമിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ നിലനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന കൂടികാഴ്ച്ച.

വിപി ദുരൈസ്വാമി
ദുരൈസ്വാമി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജീലൂടെയാണ് അറിയിച്ചത്. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വിപി ദുരൈസ്വാമി പ്രതികരിച്ചു.

പദവിയില്‍ നിന്ന് നീക്കി
ബിജെപി അധ്യക്ഷന്‍ മുരുകനുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെയായിരുന്നു സ്റ്റാലിന്‍ അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തത്. ഡിഎംകെയിലെ ദളിത് നേതാവ് കൂടിയാണ് ഇദ്ദേഹം. പകരം പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി രാജ്യസഭംഗം കൂടിയായ അന്തിയൂര്‍ സെല്‍വരാജിനെ നിയമിച്ചു.

ഡിഎംകെയില്‍ നിന്നും അകല്‍ച്ച
നേരത്തെ തന്നെ പല വിയോജിപ്പുകളേയും തുടര്‍ന്ന് ദുരൈസ്വായി പാര്‍ട്ടിയില്‍ നിന്നും അകന്ന് കഴിയുകയാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലിരിക്കുന്ന രണ്ട് തവണയും ഡെപ്യൂട്ടി സ്പീക്കറും ഒരു തവണ രാജ്യസഭാംഗവുമായിരുന്നു ദുരൈസ്വാമി. പാര്‍ട്ടി കാര്യങ്ങളുമായി ബന്ധപ്പെട്ട് പല തവണയായി ഉടലെടുത്ത അതൃപ്തിയും രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളുമാണ് ദുരൈസ്വാമി ഡിഎംകെയില്‍ നിന്നും അകല്‍ച്ചപാലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഭിന്നത
ഇക്കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ദുരൈസ്വാമി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചിരുന്നില്ല. രാജ്യസഭ സീറ്റിലേക്ക് നിലവില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച അന്തിയൂര്‍ സെല്‍വരാജിനെയായിരുന്നു പരിഗണിച്ചത്. ഒപ്പം സ്വന്തം നാടായ നാമക്കലില്‍ പാര്‍ട്ടിയുടെ പുതിയ ജില്ലാ സെക്രട്ടറിയെ നിയമിച്ചപ്പോള്‍ തന്റെ അഭിപ്രായം തേടിയില്ലായെന്നതും ദുരൈ സ്വാമിയുടെ ഭിന്നതക്ക് കാരണമായി.

ഡിഎംകെക്കെതിരെ
ബിജെപി അധ്യക്ഷനുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ പാര്‍ട്ടിക്കെതിരേയും സ്റ്റാലിനെതിരേയും രൂക്ഷ വിമര്‍ശനവുമായി ദുരൈസ്വാമി രംഗത്തെത്തിയിരുന്നു.
ജാതി വേര്‍തിരിവിനെതിരെ പാര്‍ട്ടി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തും. അതേസമയം ബിജെപി ചെയ്തത് പോലെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേതാക്കളുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നില്ല. എല്ലാ പാര്‍ട്ടികളും ജാതിക്കെതിരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇതിനെ ഉപയോഗപ്പെടുത്തുവെന്നുമായിരുന്നു ദുരൈസ്വാമിയുടെ പ്രതികരണം. സ്റ്റാലിന്‍ ഒരു മികച്ച വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം അവരുടെ ചുറ്റുമുള്ളവരെ മാത്രമെ കേള്‍ക്കുകയുള്ളൂവെന്നും ദുരൈസ്വാമി പറഞ്ഞിരുന്നു.












Click it and Unblock the Notifications