പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മോദി പറഞ്ഞത് മനസ്സിലായതെന്ന് വടക്കന്‍; തിരുത്തിയതിന് നന്ദിയുമായി രാജേഷ്
Recommended Video
തിരുവനന്തപുരം: ഓരോ ഇന്ത്യക്കാരന്‍റെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിക്കുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനത്തെക്കുറിച്ച് മുന്‍പ് സ്വീകരിച്ച നിലപാട് മാറ്റിയ ടോം വടക്കന് നന്ദിപറഞ്ഞ് ബിജെപി നേതാവ് വിവി രാജേഷ്. നാല് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചയില്‍ തന്‍റെ വാദങ്ങള്‍ക്കെതിരെ സംസാരിച്ചത് തെറ്റായിരുന്നെന്ന് തിരുത്തിപ്പറഞ്ഞതിന് ഫേസ്ബുക്കിലൂടെയാണ് രാജേഷ് ടോം വടക്കന് നന്ദി പറയുന്നത്.
15 ലക്ഷം രൂപ അക്കൗണ്ടിലിടുമെന്ന മോദി എവിടേയും പറഞ്ഞില്ലെന്നായിരുന്നു അന്ന് ചാനല്‍ ചര്‍ച്ചയില്‍ വിവി രാജേഷ് വാദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത ടോം വടക്കന്‍ വീഡിയോ സഹിതം രാജേഷിന്റെ വാദങ്ങളെ ഖണ്ഡിച്ചത് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു.

ബിജെപിയില്‍ എത്തിയതിനു പിന്നാലെ
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിനു പിന്നാലെയാണ് അന്ന് തനിക്ക് പിഴവ് പറ്റിയതാണെന്നും 15 തവണ മോദിയുടെ പ്രസംഗം കണ്ടപ്പോഴാണ് അര്‍ത്ഥം മനസിലായതെന്നും വടക്കന്‍ പറഞ്ഞത്. 24 ന്യൂസില്‍ ടോം വടക്കന്‍ ഇക്കാര്യം പറയുന്നതിന്‍റെ വീഡിയോ അടക്കം പങ്കുവെച്ചാണ് വിവി രാജേഷ് ടോം വടക്കന് നന്ദി പറയുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

സത്യം തെളിയുക തന്നെ ചെയ്യും
സത്യം തെളിയുക തന്നെ ചെയ്യും, കുറച്ചു കാത്തിരിക്കണമെന്നുമാത്രം. ഉദ്ദേശം 4 വർഷങ്ങൾക്ക് മുൻപ് റിപ്പോര്‍ട്ടര്‍ ചാനലിൽ നികേഷ് നയിച്ച ഒരു ചർച്ചയിൽ പങ്കെടുത്തു ,കോൺഗ്രസ്സ് പ്രതിനിധിയായി ദേശീയ നേതവ് ശ്രീ ടോം വടക്കനായിരുന്നു.

തർക്കവിഷയം
വിഷയം ബ്ലാക്ക് മണിയിൽ മോദി ജി 2014 തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രസംഗം,' ഇന്ത്യയിൽ നിന്ന് വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം മുഴുവനും തിരികെ കൊണ്ട് വരാൻ കഴിഞ്ഞാൽ ഓരോരുത്തർക്കും15 ലക്ഷം രൂപ വീതം കിട്ടുവാനുള്ള വകയുണ്ടാകും' ,ഇതായിരുന്നു തർക്കവിഷയം

15 ലക്ഷം രൂപ കൊടുക്കും
മോദിജി ഓരോരുത്തർക്കം 15 ലക്ഷം രൂപ കൊടുക്കും എന്ന് വാഗ്ദാനം ചെയ്തതായി സ്ഥാപിക്കുവാൻകോൺഗ്രസ്സ് ശ്രമിച്ചു, ഈ പ്രസംഗത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നതിനാൽ ഞാൻ വിയോജിച്ചു, എന്നാൽ മോദിജിയുടെ പ്രസംഗം കേൾപ്പിച്ചശേഷം നികേഷും, ടോം വടക്കൻ ജിയും ഞാൻ പറഞ്ഞതിനെ എതിർത്തുകൊണ്ടേയിരുന്നു.

പൂർണ്ണമായും കേൾക്കാനും കഴിഞ്ഞില്ല
അന്ന് തിരുവനന്തപുരം സ്റ്റുഡിയോയിലെ sound system കുറച്ചു തകരാറിലായിരുന്നതിനാൽ നികേഷും, മറ്റുള്ളവരും പറഞ്ഞത് എനിക്ക് പൂർണ്ണമായും കേൾക്കാനും കഴിഞ്ഞില്ല, പിറ്റേദിവസം രാവിലെ മുതൽ social media യിലും മറ്റും ഞാൻ പറഞ്ഞത് തെറ്റാണെന്നും, കോൺഗ്രസ്സിന് മുന്നിൽ പതറിപ്പോയി എന്നും പ്രചാരണം ആരംഭിച്ചു.

വടക്കന്‍ജി
ചിലതൊക്കെ ഇപ്പോഴും തുടരുന്നു, എന്നാൽ ശ്രീ വടക്കന്‍ജി ബിജെപി യിൽ എത്തിയ ശേഷം News 24 x 7 ന് നല്കിയ ഒരു interview ൽ തെറ്റ് പറ്റിയത് അദ്ദേഹത്തിനാണെന്നും രാജേഷ് പറഞ്ഞതായിരുന്നു ശരിയെന്നും സമ്മതിച്ചതായിക്കണ്ടു.

15 തവണ
15 തവണ മോദിജിയുടെ പ്രസംഗം കേട്ടശേഷമാണ് അദ്ദേഹം ഇത് പറയുന്നത് എന്ന് ആവർത്തിക്കുന്നുണ്ട്. കിട്ടിയ അവസരത്തിൽ മുൻപ് സംഭവിച്ച പിഴവ് തിരുത്താൻ തയ്യാറായ വടക്കൻജിയുടെ വലിയ മനസിന് നന്ദി.

ചവിട്ടുപടികളാകും
സത്യം പുറത്തു വരാൻ ചിലപ്പോഴൊക്കെ സമയമെടുക്കും, അതുവരെ നമ്മൾ കാത്തിരിക്കണം, ഇനിയും പല വ്യാജ പ്രചരണങ്ങളും തെളിവു സഹിതം പൊളിഞ്ഞു വീഴും. അതിനിടക്ക് ഉണ്ടാകുന്ന പരിഹാസങ്ങളും, എതിർപ്പുകളും മുന്നോട്ടുള്ള ചവിട്ടുപടികളാകും.
ഫേസ്ബുക്ക് പോസ്റ്റ്
വിവി രാജേഷ്












Click it and Unblock the Notifications