പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി, ജനാധിപത്യത്തിന്റെ സുദിനം; വിവിപാറ്റ് വിധിയില്‍ മോദി
പാട്‌ന: വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉപയോഗിച്ച് ഇവിഎം ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത് പ്രതിപക്ഷത്തിനുള്ള ശക്തമായ തിരിച്ചടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ അരാരിയയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്ന് മോദി ആവശ്യപ്പെട്ടു. 'ഇന്ന് നമ്മുടെ ജനാധിപത്യത്തിന് ശുഭദിനമാണ്. ഇവിഎമ്മുകള്‍ക്കെതിരെ മുറവിളികൂട്ടിയ പ്രതിപക്ഷത്തിന്റെ മുഖത്ത് സുപ്രീം കോടതി കടുത്ത അടിയാണ് നല്‍കിയത്,' പ്രധാനമന്ത്രി പറഞ്ഞു. ലോകം നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോള്‍ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഇതിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിലെ ഓരോ നേതാക്കളും ഇവിഎമ്മിനെക്കുറിച്ച് പൊതുജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു. ബാലറ്റ് പെട്ടികള്‍ കൊള്ളയടിക്കാന്‍ ഉദ്ദേശിച്ചവരുടെ എല്ലാ സ്വപ്നങ്ങളും തകര്‍ക്കുന്നതാണ് സുപ്രീം കോടതി വിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുന്‍പ് ബൂത്ത് പിടിച്ചെടുക്കല്‍ വളരെ സാധാരണമായിരുന്നു. ജനങ്ങളെ വോട്ട് ചെയ്യാന്‍ പോലും അവര്‍ അനുവദിച്ചില്ല. ഇപ്പോള്‍ പാവപ്പെട്ടവരും സത്യസന്ധരുമായ വോട്ടര്‍മാര്‍ക്ക് ഇവിഎമ്മിന്റെ ശക്തി ഉണ്ട്. അപ്പോള്‍ ഇക്കൂട്ടര്‍ അത് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്,' മോദി പറഞ്ഞു. ഇന്നാണ് വിവിപാറ്റ് സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
സിസ്റ്റത്തിന്റെ ഏത് വശവും അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് വിവിപാറ്റ് പൂര്‍ണ്ണമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്. എല്ലാ സ്ഥാപനങ്ങള്‍ക്കുമിടയില്‍ യോജിപ്പും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ജനാധിപത്യം അടിവരയിട്ട് കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ദീപാങ്കര്‍ ദത്തയുടെയും ബെഞ്ച് വിധികള്‍ പുറപ്പെടുവിച്ചത്.
ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടക്കമാണ് സുപ്രീംകോടതി തള്ളിയത്. വിധി പ്രസ്താവത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ട് നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി. ഇവിഎമ്മുകളിലെ സിംബല്‍ ലോഡിംഗ് യൂണിറ്റ് ചിഹ്നങ്ങള്‍ ലോഡുചെയ്തതിന് ശേഷം സീല്‍ ചെയ്യണം, ഈ യൂണിറ്റ് കുറഞ്ഞത് 45 ദിവസമെങ്കിലും സൂക്ഷിക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ ഒരു യന്ത്രം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചു. രണ്ടും മൂന്നും സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം വോട്ടെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാവിന് ഇവിഎമ്മുകളുടെ മൈക്രോകണ്‍ട്രോളര്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി.












Click it and Unblock the Notifications