വ്യാപം; പരാതിക്കാരനായ ഡോക്ടറെയും ഭാര്യയെയും സ്ഥലം മാറ്റിയത് ഹൈക്കോടതി തടഞ്ഞു
ഭോപാല്‍: കോടിക്കണക്കിന് രൂപയുടെ വ്യാപം അഴിമതി പുറത്തുകൊണ്ടുവരുന്നതിന് കാരണക്കാരനായ ഡോ. ആനന്ദ് റായിയെയും ഭാര്യയെയും സ്ഥലമാറ്റിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി തടഞ്ഞു. ആനന്ദ് റായിയുടെയും ഭാര്യയുടെയും തടഞ്ഞുവെച്ച ശമ്പളം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് ആനന്ദ് റായി ആരോപിച്ചിരുന്നു. വ്യാപം കേസില്‍ നിന്നും പിന്മാറിയാല്‍ തന്റെ ട്രാന്‍സ്ഫര്‍ റദ്ദാക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതായും ഡോക്ടര്‍ പറയുന്നു. ഹൈക്കോടതി വിധി സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്‍ഡോറില്‍ നിന്ന് ധര്‍ ജില്ലയിലേക്കാണ് റായിയെ സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായ ഭാര്യ ഗൗരിയെ മൗവിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ വിക്രം വര്‍മക്കെതിരെ റായി നേരത്തെ സിബിഐയില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് സ്ഥലംമാറ്റത്തിന് ഹേതുവായത്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഗാസിയാബാദിലെ സന്തോഷ് മെഡിക്കല്‍ കോളജില്‍ നിന്ന് ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് തന്റെ മകളുടെ എം ബി ബി എസ് പഠനം മാറ്റിയെന്ന് കാണിച്ചാണ് വിക്രം വര്‍മക്കെതിരെ ആനന്ദ് റായി പരാതി നല്‍കിയിരുന്നത്. വ്യാപം കേസിന് തുടക്കമിടുകയും കേസ് നിലനില്‍ക്കാന്‍ പരിശ്രമിക്കകയും ചെയ്ത വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് ആനന്ദ് റായി.












Click it and Unblock the Notifications