'അൽപം കാത്തിരിക്കൂ, പാക് അധീന കാശ്മീർ ഇന്ത്യയോട് ചേരും'; കേന്ദ്രമന്ത്രി വികെ സിംഗ്
പാക് അധീന കാശ്മീർ സ്വയം ഇന്ത്യയോട് ലയിക്കുമെന്ന് കേന്ദ്ര മന്ത്രി വികെ സിംഗ്. ഇന്ത്യയുടെ ഭാഗമാകണമെന്ന പാക് അധീന കാശ്മീരിലെ ജനങ്ങളുടെ ആവശ്യം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാജസ്ഥാനിൽ വെച്ച് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
'പാക് അധീന കാശ്മീർ സ്വാഭാവികമായി ഇന്ത്യയിൽ ലഭിക്കും, ക്ഷമയോടെ അൽപം കാത്തിരിക്കൂ', എന്നായിരുന്നു വികെ സിംഗ് പറഞ്ഞത്. അരുണാചൽ പ്രദേശിലെ അക്സായ് ചിൻ പ്രദേശം ഉൾപ്പെടുത്തി ചൈന ഔദ്യോഗിക ഭൂപടം പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ചൈനീസ് നീക്കത്തിനെതിരെ അന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇത്തരത്തിൽ കാര്യങ്ങൾ ചെയ്തത് കൊണ്ട് യാഥാർത്ഥ്യത്തെ മാറ്റില്ല എന്നുമായിരുന്നു ബാഗ്ചി പ്രതികരിച്ചത്.
അതേസമയം പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് സർക്കാർ പല അവസരങ്ങളിലും പ്രതികരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങൾ പാകിസ്ഥാൻ അനധികൃതമായി കൈയ്യടക്കിവെച്ചിരിക്കുകയാണെന്നായിരുന്നു നേതാക്കൾ ആരോപിച്ചത്. അതിനിടെ കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റൗത്ത് രംഗത്തെത്തി. 'അഖണ്ഡ ഭാരതമാണ് ഞങ്ങൾ എപ്പോഴും സ്വപ്നം കണ്ടിട്ടുള്ളത്. എപ്പോഴും നമ്മൾ പറയും പാക് അധീന കാശ്മീർ നമ്മുടേതാണെന്ന്. എന്നാൽ മുൻ കരസേന മേധാവി ആ സ്ഥാനം വഹിക്കുമ്പോൾ പ്രദേശം നമ്മുടേതാക്കൻ ശ്രമം നടത്തണമായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് അത് എങ്ങനെ സാധിക്കും?', റൗത്ത് ചോദിച്ചു.
'അതിനായി എന്തെങ്കിലും ശ്രമമുണ്ടായാൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ അതിനുമുമ്പ് മണിപ്പൂരിനെ സമാധാനപൂർണമാക്കാൻ ശ്രമിക്കൂ. ചൈന ഇപ്പോൾ മണിപ്പൂരിലെത്തി. ചൈന ലഡാക്കിൽ കടന്ന് നമ്മുടെ ഭൂമി കൈക്കലാക്കിയെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അരുണാചൽപ്രദേശിലെ ചില ഭാഗങ്ങൾ ചൈനയും തങ്ങളുടെ മാപ്പിൽ കാണിച്ചിട്ടുണ്ട്. അത് ആദ്യം അവസാനിപ്പിക്കൂ. അതിന് ശേഷം നമ്മുക്ക് പാക് അധീന കാശ്മീരിനെ ഇന്ത്യയിൽ സ്വയം ലയിപ്പിക്കാം. അത് സംഭവിക്കാൻ നിങ്ങളെ ആവശ്യവുമില്ല',റൗത്ത് പറഞ്ഞു.












Click it and Unblock the Notifications