വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍; ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം
കടുത്ത എതിർപ്പിനിടെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചക്ക് 12 നാണ് ബിൽ അവതരിപ്പിക്കുക. തുടർന്ന് എട്ട് മണിക്കൂറോളം ചർച്ച നടക്കും. ബില്ലിനെ ഒറ്റക്കെട്ടായി ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം എല്ലാ എംപിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷവും അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഇന്ത്യ സഖ്യ നേതാക്കൾ യോഗം ചേർന്നിരുന്നു.ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. ചർച്ചയിൽ സജീവമായി പങ്കെടുക്കാനും ബില്ലിനെ ശക്തമായി എതിർക്കാനും തീരുമാനിച്ചതായി പ്രതിപക്ഷ നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു. 'ചർച്ച ബഹിഷ്കരിക്കലോ തടസപ്പെടുത്തലോ പ്രകടങ്ങളോ പ്രതിപക്ഷ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ബില്ലിലെ പോരായ്മകൾ ചൂണ്ടിക്കാട്ടും. അക്കാദമിക് ആയ ചർച്ചയായിരിക്കും നടക്കുക. ഇന്ത്യ സഖ്യത്തിനൊപ്പം ചേരാൻ താത്പര്യമുള്ള പ്രതിപക്ഷ കക്ഷികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കാരണം ഇത് തീർത്തും ഭരണഘടന ലംഘനമാണ്', ആർ എസ് പി നേതാവ് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ എംപിമാർക്ക് വിപ്പ് നൽിയിട്ടുണ്ട്. ലോക്സഭയിൽ ചർച്ച വേളയിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് വിപ്പ്, വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിപ്പ് ഇല്ല. അതേസമയം കേരളത്തിൽ നിന്നുള്ള എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇവർ മുനമ്പം വിഷയത്തിൽ അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് സചന. കോൺഗ്രസിലെ ചില ക്രിസ്ത്യൻ എംപിമാർക്ക് കെസിബിസിയിൽ നിന്ന് സമ്മർദ്ദമുണ്ട്.
അതേസമയം ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഇന്ത്യ സഖ്യത്തിന് പുറത്തുള്ള എ ഐ എ ഡി എം കെ, നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖരറാവുവിന്റെ ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എങ്ങനെയൊക്കെ പ്രതിപക്ഷം എതിർത്താലും ബില്ല് പാസാക്കിയെടുക്കാനുള്ള അംഗസംഖ്യ ഭരണപക്ഷത്തിനുണ്ട്.
ബില്ല് പാസാകണമെങ്കിൽ 272 പേരുടെ പിന്തുണയാണ് ഭരണപക്ഷത്തിന് ആവശ്യം. 542 എംപിമാരിൽ 240 പേർ ബി ജെ പി അംഗങ്ങളാണ്. സഖ്യകക്ഷിയായ ജെ ഡി യുവിന് 12 ഉം തെലുങ്ക് ദേശം പാർട്ടിക്ക് 16 ഉം അംഗങ്ങളുണ്ട്. എൽ ജെ പിക്ക് 5 , ആർ എൽ ഡിക്ക് 2, ശിവേസനയ്ക്ക് 7 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിന് നിലവിൽ ആശങ്കയില്ല.












Click it and Unblock the Notifications