വനിതാ സംവരണ ബില്ലിന്മേല്‍ വാക്പോര്, സഭയിൽ കൊമ്പ് കോർത്ത് ഖാർഗെയും നിർമല സീതാരാമനും
ന്യൂ ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ദിവസം വനിതാ സംവരണ ബില്ലിന്മേല്‍ കൊമ്പ് കോര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ ബില്‍ ഇന്നാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
സംവരണത്തിനുളള അവസരം രാഷ്ട്രീയപാര്‍ട്ടികള്‍ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് നിരക്ഷരരായ, ശബ്ദമില്ലാത്ത സ്ത്രീകളെ തിരഞ്ഞെടുക്കും എന്നാണ് ഖാര്‍ഗെ അഭിപ്രായപ്പെട്ടത്. പട്ടിക ജാതി വിഭാഗത്തിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് വളരെ കുറവാണ്. അതുകൊണ്ടാണ് ദുര്‍ബലരായ സ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസമുളള പൊരുതുന്ന സ്ത്രീകളെ അവര്‍ ഒരിക്കലും തിരഞ്ഞെടുക്കില്ല, ഖാര്‍ഗെ പറഞ്ഞു.

ഇതോടെ ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്നാണ് നിര്‍മല സീതാരാമന്‍ ഖാര്‍ഗെയ്ക്ക് മറുപടിയുമായി രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിനെ ബഹുമാനിക്കുന്നു. എന്നാല്‍ ദുര്‍ബലരായ സ്ത്രീകളെ ആണ് രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുക്കുന്നത് എന്നുളള അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ പാര്‍ട്ടി കാരണവും പ്രധാനമന്ത്രി മൂലവും ശാക്തീകരിക്കപ്പെട്ടവരാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ശാക്തീകരിക്കപ്പെട്ട സ്ത്രീയാണ്. ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെട്ടവരാണ്, നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഖാര്‍ഗെയുടെ ഇത്തരത്തിലുളള അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന് ബാധകമാകുമായിരിക്കും, ആ പാര്‍ട്ടിക്ക് വനിതാ അധ്യക്ഷകള്‍ ഉണ്ടായിരുന്നെങ്കില്‍പ്പോലും. എന്നാല്‍ അത്തരമൊരു പ്രസ്താവന എല്ലാ പാര്‍ട്ടികളേയും ചൂണ്ടി പറയുന്നത് അംഗീകരിക്കാനാകില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പട്ടികജാതിയില്‍ നിന്നും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉളള സ്ത്രീകള്‍ക്ക് നിങ്ങള്‍ക്കുളളത്ര അവസരങ്ങള്‍ ഇല്ലെന്ന് ഖാര്‍ഗെ മറുപടി നല്‍കി.












Click it and Unblock the Notifications