അവധി പൂരവുമായി ബാങ്കുകൾ; ഇടപാടുകൾ ഉണ്ടോ? വേഗം തീർത്തോളൂ
സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് നിൽക്കണേ. ജനുവരി 24 മുതൽ അങ്ങോട്ട് നാല് ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല. ശനിയാഴ്ച തുടങ്ങുന്ന ഈ അവധി ചൊവ്വാഴ്ച വരെ നീളും. മാസാവസാനമായതുകൊണ്ട് തന്നെ ശമ്പളം കാത്തിരിക്കുന്നവർക്കും ബിസിനസ്സുകാർക്കും ഇത് വലിയൊരു പണിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രാധാന്യമുള്ള ഇടപാടുകൾ നേരത്തെ തീർക്കുന്നതാണ് ബുദ്ധി.
ബാങ്ക് അവധികൾ വരുന്നത് ഇങ്ങനെയാണ്, ജനുവരി 24 നാലാം ശനിയാഴ്ചയാണ്, അതുകൊണ്ട് ബാങ്കുകൾക്ക് അവധിയാണ്. പിന്നാലെ ഞായറാഴ്ച അവധി. തിങ്കളാഴ്ച റിപ്പബ്ലിക് ദിനമായതുകൊണ്ട് എല്ലാ സ്ഥാപനങ്ങളടക്കം അവധിയാണ്. ഇതിനിടയ്ക്കാണ് വിരുന്നുകാരനായി പണിമുടക്കും വരുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് യൂണിയനുകൾ ജനുവരി 27 ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫലത്തിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബാങ്ക് ശാഖകൾ തുറക്കില്ലെന്ന് ചുരുക്കം.

ഇത്രയും ദിവസം ബാങ്ക് പൂട്ടിക്കിടക്കുമ്പോൾ ഏറ്റവും വലിയ തലവേദന വരുന്നത് എടിഎമ്മുകളുടെ കാര്യത്തിലാണ്. തുടർച്ചയായ അവധി കാരണം എടിഎമ്മുകളിൽ പണം തീരാൻ വലിയ സാധ്യതയുണ്ട്. യുപിഐ വഴിയുള്ള ഗൂഗിൾ പേയും ഫോൺ പേയും ഒക്കെ വർക്ക് ചെയ്യുമെങ്കിലും ബാങ്കിൽ നേരിട്ട് പോയി ചെയ്യേണ്ട കാര്യങ്ങളൊന്നും നടക്കില്ല. അതുകൊണ്ട് അത്യാവശ്യം കയ്യിൽ വേണ്ട പണം വെള്ളിയാഴ്ച തന്നെ പിൻവലിച്ചു വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പിന്നെ എടിഎമ്മുകൾക്ക് മുന്നിൽ വരി നിൽക്കേണ്ടി വരും. വെള്ളിയാഴ്ചയ്ക്കുള്ളിൽ ബാങ്ക് കാര്യങ്ങളെല്ലാം സെറ്റിൽ ചെയ്ത് സേഫ് ആയിരിക്കാൻ നോക്കാം.ഈ വിവരം എല്ലാവരിലേക്കും ഒന്ന് എത്തിച്ചേക്കൂ, ആരും വെറുതെ ബാങ്ക് വരെ പോയി വെയിൽ കൊള്ളേണ്ടി വരില്ലല്ലോ.


Click it and Unblock the Notifications