'വാഷിംഗ് പൗഡർ നിർമ', 'വല്ലാത്ത വെളുപ്പിക്കൽ', അമിത് ഷായെ ട്രോളി ബിആർഎസ്
അന്‍പത്തിനാലാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായിട്ടായിരുന്നു അമിത് ഷാ ഞായറാഴ്ച ഹൈദരാബാദിലെത്തിയത്

ദില്ലി:ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി ഭാരത് രാഷ്ട്ര സമിതി.നഗരം മുഴുവൻ 'വാഷിങ് പൗഡര്‍ നിര്‍മ' എന്ന ഹോർഡിംഗുകൾ വെച്ച് കൊണ്ടാണ് പരിഹാസം. പരസ്യത്തിലെ പെൺകുട്ടിയുടെ ചിത്രത്തിൽ മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലെത്തിയ നേതാക്കളുടെ മുഖമാണ് ഒട്ടിച്ച് വെച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
അന്‍പത്തിനാലാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായിട്ടായിരുന്നു അമിത് ഷാ ഞായറാഴ്ച ഹൈദരാബാദിലെത്തിയത്.മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവരെ വെളുപ്പിക്കലാണ് നടക്കുന്നതെന്നാണ് ബിആര്‍എസ് ട്രോൾ.
ഹിമന്ത ബിശ്വ ശർമ്മ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരൂപാക്ഷപ്പ എന്നിവരുടെ മുഖങ്ങളാണ് ഹോർഡിംഗിൽ ഉള്ളത്. 'വാഷിംഗ് പൗഡർ നിർമ്മ! ഇതിനെയാണ് കർമ്മ' എന്ന് വിളിക്കുന്നത് അമിത് ഷാ ജി, ഹൈദരാബാദിലേക്ക് സ്വാഗതം', എന്ന വാക്കുകളോടെ ചിത്രം ബിആർഎസ് നേതാക്കൾ ട്വീറ്റ് ചെയ്തു. ദില്ലി മദ്യനയ അഴിമതി കേസില്‍ ബിആര്‍സി എംഎല്‍സിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻറെ മകളുമായ കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെയാണ് ബി ആർ എസിന്റെ വിമർശനം.
കവിതയെ എൻഫോഴ്‌സ്‌മെന്റ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത ശനിയാഴ്ച മോദിക്കെതിരേയും ബിആർഎസ് ഹോർഡിംഗ്സുകൾ സ്ഥാപിച്ചിരുന്നു. 'ജനാധിപത്യം നശിപ്പിക്കുന്നയാൾ, കാപട്യത്തിന്റെ പിതാമഹൻ' എന്ന വരികളോടെ പ്രധാനമന്ത്രി മോദിയെ 'രാവണനായി ചിത്രീകരിക്കുന്നതാണ് പോസ്റ്റർ. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കാൻ പ്രധാനമന്ത്രി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബി ആർ എസ് ആക്ഷേപം.












Click it and Unblock the Notifications