വാഷിങ് മെഷീനില്‍ ഈ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകരുതേ? പിന്നീട് ഉപയോഗിക്കേണ്ടി വരില്ല
തിരക്കേറിയ ജീവിതത്തില്‍ ദൈനംദിന ജോലികള്‍ എളുപ്പമാക്കാന്‍ നിരവധി ഗൃഹോപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാഷിങ് മെഷീന്‍. ഇന്ന് മിക്കവരും സമയം ലാഭിക്കാന്‍ വാഷിങ് മെഷീനിലാണ് അലക്കുന്നത്. പലരും വസ്ത്രങ്ങള്‍ കൂട്ടിയിട്ട നിലയിലാണ് കഴുകാന്‍ ഇടുന്നത്. വസ്ത്രത്തിന്റെ ഇനമോ തരമോ ഒന്നും നോക്കാറില്ല.
എളുപ്പത്തിന് വേണ്ടി എല്ലാത്തരം വസ്ത്രങ്ങളും ഒരുമിച്ച് മെഷീനില്‍ കഴുകുന്നത് ഉചിതമല്ല. ചില പ്രത്യേക തുണിത്തരങ്ങള്‍ക്ക് വാഷിങ് മെഷീനിലെ ശക്തമായ കറക്കവും ചൂടും വീര്യം കൂടിയ ഡിറ്റര്‍ജന്റുകളെയും താങ്ങാന്‍ ശേഷിയുള്ളവയല്ല. ഇത്തരത്തില്‍ മെഷീനില്‍ കഴുകാന്‍ പാടില്ലാത്ത പല വസ്ത്രങ്ങളും നമ്മുടെ ശേഖരത്തില്‍ ഉണ്ടാകും. ഇത് കൈ കൊണ്ടു കഴുകുന്നത് തന്നെയാണ് കൂടുതല്‍ കാലം വസ്ത്രങ്ങള്‍ ഈടു നില്‍ക്കാന്‍ നല്ലത്.
അടിവസ്ത്രങ്ങള്‍ ഒരിക്കലും വാഷിങ് മെഷീനില്‍ കഴുകരുത്, പ്രത്യേകിച്ച് ബ്രാ. ശക്തമായ സ്പിന്നിങ് ബ്രായുടെ ഇലാസ്റ്റിക്കിനെ ബാധിക്കാം. ഇത് ചര്‍മ്മത്തിന് കടുത്ത അസ്വസ്ഥത ഉണ്ടാക്കാം. ബ്രായുടെ മെറ്റല്‍ ഹുക്കുകള്‍ വാഷിങ് മെഷീനിന്റെ ഡ്രമ്മിനും കേടുവരുത്തും. അതിനാല്‍ അടിവസ്ത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ കൈ കൊണ്ട് കഴുകുക.

വില കൂടിയ സില്‍ക്ക്, സാറ്റിന്‍ വസ്ത്രങ്ങള്‍ പലപ്പോഴും വളരെ മൃദുവായവയാണ്. മെഷീനിലെ ഘര്‍ഷണം മൂലം ഇവയുടെ തിളക്കം നഷ്ടപ്പെടുകയും വസ്ത്രങ്ങളിലെ അലങ്കാരപ്പണികള്‍ നശിക്കുകയും ചെയ്യും. മൃദുവായതിനാല്‍ വെള്ളം കറങ്ങുന്നതിന്റെ ശക്തിയില്‍ തുണി കീറിപ്പോകാന്‍ വരെ ചാന്‍സുണ്ട്. അതിനാല്‍ ഇവയും വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈ കൊണ്ട് കഴുകുന്നതാണ് നല്ലത്.
വിലകൂടിയ കമ്പിളി വസ്ത്രങ്ങള്‍ മെഷീനില്‍ ഇട്ടാല്‍ അവ ചുരുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ഇവ കൈകൊണ്ട് കഴുകുന്നതോ ഡ്രൈ ക്ലീന്‍ ചെയ്യുന്നതോ ആണ് നല്ലത്. ലതര്‍ ജാക്കറ്റുകളോ പാന്റുകളോ വാഷിങ് മെഷീനില്‍ കഴുകുന്നത് അവ വിണ്ടുകീറാന്‍ കാരണമാകും. ലതറിലെ പ്രകൃതിദത്തമായ എണ്ണമയം നഷ്ടപ്പെടുന്നത് വസ്ത്രത്തെ നശിപ്പിക്കും. നനഞ്ഞ തുണി ഉപയോഗിച്ച് ലെതര്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാക്കുന്നതാണ് സുരക്ഷിതം.
മുത്തുകള്‍, സീക്വന്‍സുകള്‍, കണ്ണാടി തുണ്ടുകള്‍ എന്നിവ തുന്നിപ്പിടിപ്പിച്ച വസ്ത്രങ്ങള്‍ മെഷീനിലിടരുത്. ഇവ ഇളകിപ്പോകാനും മെഷീന്റെ ഫില്‍ട്ടറില്‍ കുടുങ്ങാനും സാധ്യതയുണ്ട്. നീന്തല്‍ വസ്ത്രങ്ങളും വാഷിങ് മെഷീനില്‍ ഇടരുത്. വെള്ളത്തിന്റെ ശക്തമായ കറക്കം സ്വിംവെയറുകളുടെ ഇലാസ്തികത നശിപ്പിക്കും. ടൈകളും സ്‌കാര്‍ഫുകളും സോക്‌സുകളും കൈ കൊണ്ട് കഴുകണം. വാഷിങ് മെഷീനില്‍ ഇട്ടാല്‍ ടൈകളുടെ ആകൃതി നഷ്ടപ്പെടാന്‍ കാരണമാകും.
വസ്ത്രങ്ങളില്‍ 'ഡ്രൈ ക്ലീന്‍ ഒണ്‍ലി' ലേബലുകള്‍ ഉണ്ടോ എന്നു പരിശോധിക്കുക. ഇവ വാഷിങ് മെഷീനില്‍ കഴുകരുത്. വസ്ത്രങ്ങള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കാന്‍ ശരിയായ രീതിയിലുള്ള പരിചരണം അത്യാവശ്യമാണ്.












Click it and Unblock the Notifications