ഇനി പോരാട്ടം പാർലമെന്റിൽ, കസറാൻ പ്രിയങ്ക; വദ്ര കേസുകൾ തിരഞ്ഞുകൊത്തുമോ?
ഡൽഹി: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നും കന്നിയങ്കത്തിൽ കൂറ്റൻ വിജയം നേടി പാർലമെന്റിലേക്ക് എത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. 4,08,036 എന്ന സ്വപ്ന ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ വിജയം. ഇനി രാഹുലിനൊപ്പം പ്രിയങ്കയും പാർലമെന്റിൽ ബി ജെ പിക്കെതിരെ ഉറച്ച ശബ്ദമാകും.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലായിരുന്നു പ്രിയങ്ക ആദ്യമായി കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായത്. അന്ന് അമ്മയ്ക്കും സഹോദരനും വേണ്ടി അവർ ഓടി നടന്ന് പ്രചരണത്തിന്റെ ഭാഗമായി. പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകാൻ പിന്നേയും വർഷം എടുത്തു. 2019 ലായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം, അതും ഒരിക്കൽ കോൺഗ്രസിന്റെ തട്ടകമായിരുന്നു യുപിയുടെ ചുമതല ഏറ്റെടുത്തുകൊണ്ട്. കിഴക്കൻ യുപിയുടെ ചുമതലയായിരുന്നു പ്രിയങ്കയ്ക്ക്.

തൊട്ട് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി യുപിയിലെ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചതോടെ അമേഠിയിൽ രാഹുലിന്റെ പ്രചരണങ്ങൾക്ക് വേണ്ടി ചുക്കാൻ പിടിച്ചത് പ്രിയങ്കയായിരുന്നു. അക്കുറി പക്ഷെ അമേഠിയിൽ രാഹുൽ കനത്ത പരാജയം രുചിച്ചു. വയനാട്ടിൽ ഉജ്വല വിജയം നേടുകയും ചെയ്തു. യുപിയിൽ സോണിയ മത്സരിച്ച റായ്ബറേലി മാത്രമായിരുന്നു കോൺഗ്രസിന് നിലനിർത്താൻ സാധിച്ചത്.
സംസ്ഥാനത്തിന്റെ ചുമതലയിലിരിക്കെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ തുറന്ന പോര് നയിക്കുന്ന പ്രിയങ്കയെ ആണ് ദേശീയ രാഷ്ട്രീയം കണ്ടത്. ഇതോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആവശ്യം ശക്തമായിരുന്നു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്ക് പകരം അവർ റായ്ബറേലിയിൽ മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. എന്നാൽ നിർണായകമായ ആ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക തയ്യാറായില്ല. ഇതിനിടയിൽ റായ്ബറേലിയിൽ സോണിയയ്ക്ക് പകരം രാഹുൽ റായ്ബറേലിയിൽ മത്സരത്തിനിറങ്ങി. ഒപ്പം വയനാട്ടിലും. ഇരുമണ്ഡലങ്ങളിലും വിജയച്ച് കയറിയതോടെ റായ്ബറേലി നിലനിർത്താൻ രാഹുൽ തീരുമാനിച്ചു. ഒടുവ്ൽ രാഹുലിന് പകരക്കാരയി പ്രിയങ്ക വയനാട്ടിലെത്തി. ഇപ്പോൾ സഹോദരന്റെ പിൻഗാമിയായി പാർലമെന്റിലേക്കും.
2019 ൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക കടന്നപ്പോൾ തന്നെ കോൺഗ്രസ് സ്വപ്നം കണ്ടൊരു മുഹൂർത്തം കൂടിയാണിത്. മത്സര ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യം കൊണ്ട് മാത്രമല്ല , ഇന്ദിരയെ പോലെ എതിരാളികളെ വിറപ്പിക്കാനുള്ള പ്രിയങ്കയുടെ നിശ്ചയദാർഢ്യവും ജനങ്ങളെ ആകർഷിക്കാനുള്ള അവരുടെ കഴിവുമെല്ലാം കോൺഗ്രസിന് ഊർജവും കരുത്തും പകരുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം പ്രിയങ്ക ലോക്സഭയിൽ എത്തുമ്പോൾ ബിജെപിയുടെ ഏറ്റവും വലിയ ആയുധം പ്രിയങ്കയുടെ ഭർത്താവ് റോബര്‌ട്ട് വദ്രപ്രതിയായ കേസുകൾ തന്നെയായിരിക്കും. 2014 ൽ ലോക്സഭ തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ വദ്രയ്ക്കെതിരായ കേസുകൾ ബിജെപി ഉയർത്തിയിട്ടുണ്ട്.
അന്വേഷണം നേരിടുന്നത് മൂന്ന് കേസുകളിൽ
സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം രാജസ്ഥാനിലെ ബിക്കാനിറിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് വദ്രയ്ക്കെതിരായ കേസുകളിൽ ഒന്ന്. വാദ്രയ്ക്ക് വേണ്ടി ഇടനിലക്കാരനായ മഹേഷ് നാഗ്രേയുടെ ഡ്രൈവറുടെ പേരിൽ 91 ഏക്കറോളം ഭൂമി വാങ്ങിയെന്നാണ് കേസ്. 2015 മുതൽ ഇഡി ഈ കേസ് അന്വേഷിച്ച് വരികയാണ്. ലണ്ടനിനെ ബ്രയാൺസ്റ്റോൺ സ്ക്വയറിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും വദ്ര അന്വേഷണം നേരിടുന്നുണ്ട്. ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി ഉൾപ്പെട്ട കള്ളപ്പണ ഇടപാടിലൂടെയാണ് ഈ സ്വത്തുക്കൾ വദ്ര വാങ്ങിയതെന്നാണ് ഇഡി ആരോപിക്കുന്നത്. ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസാണ് മറ്റൊന്ന്. രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ഈ കേസുകൾ വരും ദിവസങ്ങളൽ ബിജെപി ആയുമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല












Click it and Unblock the Notifications