'ഞങ്ങള്‍ ഭയപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല', മുന്നോട്ട് തന്നെയെന്ന് അഭിജീത് ദീപ്കെ
നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡികളും കൊണ്ട് ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ സാധിക്കില്ലെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സൗരവ് ദാസും അശുതോഷ് റങ്കയും ജയില്‍ മോചിതരായ ശേഷം സിജെപിയുടെ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍എയോട് ദീപ്‌കെ പ്രതികരിച്ചു.
''സൗരവും ആശുവും പുറത്ത് ഇറങ്ങിയതിന് ശേഷം ഞങ്ങള്‍ കൂടിയാലോചിച്ച്, എങ്ങനെ മുന്നോട്ട് പോകണം എന്നത് സംബന്ധിച്ച് പുതിയ പദ്ധതികള്‍ തീരുമാനിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്ന നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡികളും വ്യക്തമാക്കുന്നത് ഞങ്ങളെ ഭയപ്പെടുത്താനുളള ഒരു ശ്രമം നടക്കുന്നു എന്നതാണ്. എന്നാണ് ഞങ്ങള്‍ ഭയപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല'', ദീപ്‌കെ പറഞ്ഞു.

സിജെപി പ്രഖ്യാപിച്ച ലെഹരാ ദോ തിരംഗ മാര്‍ച്ചുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡല്‍ഹി പോലീസ് അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തിരുന്നു. കൊണാട്ട് പ്ലേസിലെ മാര്‍ച്ചിന് പുറപ്പെടുന്നതിന് മുന്നോടിയായിട്ടായിരുന്നു പോലീസിന്റെ നീക്കം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ദിപ്‌കെയ്ക്ക് ഉപാധികളോടെ ശനിയാഴ്ച ജാമ്യം അനുവദിച്ചു.
അതേസമയം സിജെപിയുടെ മറ്റ് രണ്ട് പ്രധാന നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ഇപ്പോഴും ജയിലില്‍ തന്നെയാണ്. ജന്തര്‍ മന്തറില്‍ ദേശീയ പതാക വീശിയതിന് അറസ്റ്റിലായ ഇരുവരേയും കോടതി 5 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെ ഇരുവരേയും തിഹാര്‍ ജയിലിലേക്ക് മാറ്റി.
അഞ്ച് ദിവസത്തെ കസ്റ്റഡി ഇന്ന് അവസാനിച്ചിട്ടും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വൈകിയെത്തിയത് കാരണം ഇവരുടെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വൈകിയതായി സിജെപി അഭിഭാഷക രത്‌ന സിംഗ് ആരോപിച്ചു. അശുതോഷിന്റെയും സൗരവിന്റെയും കസ്റ്റഡി നീട്ടാന്‍ മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി അഭിജീത് ദിപ്‌കെയും ആരോപിച്ചു. അവരെ ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് നിയമപരമായി യാതൊരു കാരണങ്ങളും ഇല്ല, അതുകൊണ്ട് പുറത്ത് ഇറക്കുന്നത് കഴിയുന്നത്ര വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദീപ്‌കെ ആരോപിച്ചു.


Click it and Unblock the Notifications
