104 അല്ല 120 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമെന്ന് ശോഭ കരന്ത് ലാജെ!! കാലുവാരുന്നവര്‍ ആരൊക്കെ?
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ശനിയാഴ്ച വൈകീട്ട് നാല് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ തങ്ങള്‍ക്കൊപ്പം 120 എംഎല്‍എമാരുണ്ടെന്ന ബിജെപിയുടെ പ്രസ്താവനയില്‍ ഞെട്ടി കോണ്‍ഗ്രസ് കാമ്പ്. നിലവില്‍ തങ്ങള്‍ക്കൊപ്പം 117 പേര്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പതിനാറ് എംഎല്‍എമാര്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി സംസ്ഥാന നേതാവ് ശോഭ കരന്തലെജെ വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്കറും സദാനന്ദ ഗൗഡയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും ഉറപ്പിച്ച് പറഞ്ഞതോടെ കോണ്‍ഗ്രസിന്‍റെ ചങ്കിടിപ്പ് കൂടിയിട്ടുണ്ട്.

നിലവില്‍ 104 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്. കേവലഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയായ 112 തൊടണമെങ്കില്‍ ഇനി എട്ട് അംഗങ്ങളുടെ കൂടി പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ഇതിനിടെ വരാന്‍ സാധ്യത ഉള്ളവരെ ബിജെപി ചാക്കിടുമെന്ന് വ്യക്തമാകുകയും കുതിരക്കച്ചവടം കടുക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ തങ്ങളുടെ ഒപ്പമുള്ള എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.ചോര്‍ന്ന് പോക്ക് തടയുന്നത് അസാധ്യമാണെന്ന് ഉറപ്പായതോടെയാണ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് കയറ്റി അയച്ചത്.
ഇതിനിടയില്‍ ചേരിയിലുണ്ടായിരുന്ന മൂന്ന് എംഎല്‍എമാര്‍ ബിജെപി കാമ്പിലേക്ക് മറുകണ്ടം ചാടിയിരുന്നു. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍, നാഗേന്ദ്രറാവു എന്നിവരാണ് ബിജെപി പാളയത്തില്‍ എത്തിയത്. നേരത്തേ കോണ്‍ഗ്രസ് കാമ്പിലെ 15 ലിംഗായത്ത് എംഎല്‍എമാര്‍ ബിജെപിക്ക് രഹസ്യ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഈ എംഎല്‍എമാര്‍ തന്നെയാകുമോ വിശ്വാസവോട്ടെടുപ്പിനിടെ തിരിഞ്ഞ് കൊത്തുകയെന്ന് ആശങ്കയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. അതേസമയം കൂറുമാറ്റ നിരോധന നിയമം ശക്തമായതിനാല്‍ എംഎഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാതെ വിശ്വാസ വോട്ടെടുപ്പ് സമയത്ത് സഭയില്‍ എത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാകും ബിജെപി കാമ്പ് മെനയുക.












Click it and Unblock the Notifications