'ഞങ്ങള്‍ക്ക് എല്ലാം അറിയാം, എല്ലാം പരിശോധിക്കും'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികളിൽ ചീഫ് ജസ്റ്റിസ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ്ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊണ്ട തീരുമാനങ്ങള്‍ ഐക്യകണ്ഠേനെയുളളതല്ല എന്നുളള ആരോപണങ്ങളും വിശദമായി പരിശോധിക്കുമെുന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഞങ്ങള്‍ക്ക് എല്ലാം അറിയാം, ഞങ്ങള്‍ എല്ലാം പരിശോധിക്കും, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുളള പരാതികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരാണ് മറ്റ് രണ്ട് പേര്. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നവംബര്‍ 17ലേക്ക് മാറ്റി.

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് ഈ സമയം പരാതിക്കാര്‍ക്ക് മറുപടി സമര്‍പ്പിക്കാം. എസ്ഐആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠേനെ എടുത്തത് ആണെന്നും അംഗങ്ങള്‍ തമ്മിലുളള ചര്‍ച്ചകള്‍ക്കിടയില്‍ വരുന്ന ചോദ്യങ്ങളും നിര്‍ദേശങ്ങളുമൊന്നും അന്തിമ തീരുമാനമായി കണക്കാക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനുളളിലെ ആഭ്യന്തര ആശയവിനിമയങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ സംരക്ഷിക്കണമെന്നും തീരുമാനങ്ങള്‍ ഏകകണ്ഠമായിട്ടാണോ എടുത്തിട്ടുളളത് എന്ന് അറിയാന്‍ അവ നിര്‍ണായകമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തങ്ങള്‍ക്ക് എല്ലാം അറിയാമെന്നും എല്ലാം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.


Click it and Unblock the Notifications
