അന്യമതത്തില്‍പ്പെട്ട രാഷ്ട്രീയക്കാരനെ കൊന്ന് ഹിന്ദുത്വ നേതാക്കളാകാനാണ് ഒവൈസിയെ ആക്രമിച്ചതെന്ന് പ്രതികള്‍
ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം ) തലവനും ലോക്സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഉത്തര്‍പ്രദേശില്‍ വെച്ച് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. സംഭവത്തിന് തൊട്ട് പിന്നാലെ സച്ചിന്‍, ശുഭം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുത്വ നേതാക്കള്‍ ആയി തീരാനുള്ള ആഗ്രഹം കൊണ്ടാണ് തങ്ങള്‍ അസദുദ്ദീന്‍ ഒവൈസിയെ ആക്രമിച്ചത് എന്നാണ് പ്രതികള്‍ സമ്മതിച്ചതെന്ന് ഉത്തര്‍പ്രദേശ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഉത്തര്‍പ്രദേശ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറ്റപത്രം അനുസരിച്ച്, അസദുദ്ദീന്‍ ഒവൈസിയെ ആക്രമിച്ചതായി രണ്ട് അക്രമികളും സമ്മതിച്ചിട്ടുണ്ട്. മറ്റൊരു സമുദായത്തിലെ ഒരു വലിയ രാഷ്ട്രീയക്കാരനെ കൊന്ന് 'ഹിന്ദുത്വ നേതാക്കള്‍' ആകാന്‍ ആഗ്രഹിച്ചതാണ് അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പൂര്‍ണ്ണമായ തയ്യാറെടുപ്പോടെ എം പിയെ ലക്ഷ്യമിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിരുന്നെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരുമായിരുന്നു. ചില സാമൂഹിക വിരുദ്ധര്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമായിരുന്നു, കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കുറ്റപത്രത്തില്‍ തെളിവായി പൊലീസ് ഹാജരാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ പെട്ട കാറിന്റെ ഫോറന്‍സിക് പരിശോധനാ ഫലവും രണ്ട് പ്രധാന പ്രതികളുള്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്തയാളുടെ മൊഴികളും കുറ്റപത്രത്തില്‍ ഉണ്ട്.

അസദുദ്ദീന്‍ ഒവൈസി എം പിയുടെ മൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 61 പേരുടെ മൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 307 (കൊലപാതക ശ്രമം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് അസദുദ്ദീന്‍ ഒവൈസി ആക്രമിക്കപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപം അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ അസദുദ്ദീന്‍ ഒവൈസി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഹാപൂരിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പറയുന്നതനുസരിച്ച്, മുഖ്യപ്രതി സച്ചിന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 9 എം എം പിസ്റ്റള്‍ കണ്ടെടുത്തു. സംഭവത്തില്‍ സച്ചിനെയും ശുഭമിനെയും പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം അസദുദ്ദീന്‍ ഒവൈസിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയും ആക്രമണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് പറയുകയും ചെയ്തിരുന്നു.
Recommended Video

സംഭവത്തില്‍ സച്ചിനെയും ശുഭമിനെയും ഉടന്‍ തന്നെ യു പി പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശങ്ങളില്‍ മനംനൊന്ത് കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് വെടി വെച്ചതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ പ്രതിയായ സച്ചിന്‍ പറഞ്ഞിരുന്നു. താന്‍ ബി ജെ പി അംഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതിനിടെ സച്ചിനും ശുഭമിനും പിന്തുണയുമായി യു പി മന്ത്രിയും ബി ജെ പി നേതാവുമായ സുനില്‍ ഭരാല രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കും എല്ലാ നിയമ പിന്തുണയും നല്‍കുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു കുടുംബത്തോടായി സുനില്‍ ഭരാല പറഞ്ഞത്.


Click it and Unblock the Notifications