കയ്യില്‍ മോതിരമിട്ടാല്‍ സര്‍ക്കാര്‍ ജോലി തെറിക്കും?
ലഖ്‌നൊ: കയ്യില്‍ മോതിരമിട്ടാല്‍ സര്‍ക്കാര്‍ ജോലി തെറിക്കുമോ. കയ്യില്‍ എത്ര മോതിരം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഉത്തരം. ഇരു കൈവിരലുകളിലുമായി എട്ട് മോതിരങ്ങളിട്ട ഒരു ഉദ്യോഗസ്ഥനെ മന്ത്രി നേരിട്ട് സസ്‌പെന്‍ഡ് ചെയ്ത സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്. ബറാബങ്കി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന രാജാമണി മിശ്ര എന്നയാള്‍ക്കാണ് മോതിരങ്ങള്‍ പണി കൊടുത്തത്.
വിദ്യാഭ്യാസ മന്ത്രി മെഹ്ബൂബ് അലി സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രാജാമണി മിശ്രയെ കണ്ടത്. രണ്ട് കൈകളിലുമായി എട്ട് മോതിരങ്ങളാണ് മിശ്ര ധരിച്ചിരുന്നത്. ഇത്രയും മോതിരം ധരിക്കണമെങ്കില്‍ ഇയാള്‍ അഴിമതിക്കാരനായിരിക്കണമല്ലോ എന്ന് സംശയം തോന്നിയ മന്ത്രി മിശ്രയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ടിംഗ് സെക്ഷനിലെ ജോലിക്കാരനായിരുന്നു മിശ്ര.

ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരെ വിളിച്ചുവരുത്തിയാണ് മെഹ്ബൂബ് അലി മിശ്രയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. ജോലിയിലെ ശ്രദ്ധക്കുറവാണ് മിശ്രയ്ക്ക് പണി പോകാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ കാര്യം അതല്ല, മിശ്രയുടെ കൈകളിലുണ്ടായിരുന്ന മോതിരമാണ് എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
രാജാമണി മിശ്ര കൈകകളിലെ മോതിരം കണ്ട ശേഷം എത്രയാണ് ഇയാളുടെ ശമ്പളമെന്നും മറ്റും മന്ത്രി അന്വേഷിച്ചിരുന്നത്രെ. ഇയാള്‍ അഴിമതിക്കാരനാണ് എന്ന് മന്ത്രി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. താന്‍ ജോലിയില്‍ ഒരുതരത്തിലുള്ള അശ്രദ്ധയും കാണിച്ചിട്ടില്ല എന്നാണ് മിശ്ര പറയുന്നത്. കയ്യില്‍ മോതിരം ധരിച്ചതിന് മന്ത്രി സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല എന്നും ഇയാള്‍ പറയുന്നു.












Click it and Unblock the Notifications