ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ല; കർണാടക സർക്കാർ ഹൈക്കോടതിയിൽ
ബെംഗളൂരു; ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. അതുകൊണ്ട് തന്നെ ഹിജാബിന്റെ ഉപയോഗം തടയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം തടയൽ അല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായത്. സമത്വത്തെയും രാജ്യത്തിന്റെ അഖണ്ഡതയേയും തകർക്കുന്ന വസ്ത്രങ്ങൾ നിരോധിച്ച ഫെബ്രുവരി 5 ലെ സർക്കാർ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എജി കോടതിയിൽ പറഞ്ഞു.

സർക്കാർ ഉത്തരവ് നിയമാനുസൃതമാണ്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതുകൊണ്ട് തന്നെ ഹിജാബ് നിരോധിക്കുന്നത് ഹർജിക്കാരുടെ അവകാശങ്ങളെ ബാധിക്കുന്നില്ല. ക്ലാസ് മുറിയിൽ ഹിജാബ് അനുവദിക്കണമോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ ആചാരങ്ങളിൽ സർക്കാരിന് ഇടപെടാൻ താത്പര്യമില്ല. ഹിജാബ് മതേതരമല്ലെന്ന് ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സർക്കാരിന് നിലപാട് എടുക്കാമായിരുന്നു. എന്നാൽ അത്തരമൊരു നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ ഇടപടേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications