മണ്‍സൂണ്‍ ശക്തിപ്പെടുന്നു; മധ്യേന്ത്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത
ന്യൂദല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മധ്യ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും തെക്കന്‍ മഹാരാഷ്ട്ര, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഢ്, തെക്കന്‍ ഒഡീഷ എന്നിവിടങ്ങളിലേക്കും തീരദേശ ആന്ധ്രാപ്രദേശിന്റെ അധിക മേഖലകളിലേക്കും കടന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളില്‍ മണ്‍സൂണ്‍ മധ്യ അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും മുംബൈ, തെലങ്കാന എന്നിവയുള്‍പ്പെടെയുള്ള മഹാരാഷ്ട്രയുടെ അധിക പ്രദേശങ്ങളിലേക്കും വ്യാപിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി വരുന്ന അഞ്ച് ദിവസങ്ങളില്‍ മഹാരാഷ്ട്രയിലും തീരപ്രദേശങ്ങളിലും വടക്കന്‍ കര്‍ണാടകയിലും കനത്തതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.

ജൂണ്‍ 8 മുതല്‍ 11 വരെ മഹാരാഷ്ട്രയിലും ജൂണ്‍ 8, 9 തീയതികളില്‍ കര്‍ണാടകയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊങ്കണ്‍ & ഗോവ, മധ്യമഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടക, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇടിമിന്നല്‍, മിന്നല്‍, ശക്തമായ കാറ്റ് (40-50 കിലോമീറ്റര്‍) എന്നിവയ്ക്കൊപ്പം വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
തീരദേശ ആന്ധ്രാപ്രദേശ് & യാനം, രായലസീമ, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ശക്തമായ തെക്കുപടിഞ്ഞാറന്‍ കാറ്റിനൊപ്പം മധ്യ അസമിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം & ത്രിപുര, സബ് ഹിമാലയന്‍ പശ്ചിമ ബംഗാള്‍ & സിക്കിം അരുണാചല്‍ പ്രദേശ്, അസം, എന്നിവിടങ്ങളില്‍ അടുത്ത ഏഴ് ദിവസങ്ങളില്‍ മിതമായ മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പടും
പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ജൂണ്‍ 8 മുതല്‍ 12 വരെയും അസമിലും മേഘാലയയിലും അരുണാചല്‍ പ്രദേശിലും ജൂണ്‍ 9 മുതല്‍ 12 വരെയും നാഗാലാന്‍ഡിലും ജൂണ്‍ 8, 12 വരെയും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നു. അസമിലും മേഘാലയയിലും ജൂണ്‍ 11, 12 തീയതികളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്‌തേക്കാം. ബീഹാര്‍, ജാര്‍ഖണ്ഡ്, ഗംഗാനദി പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും ഒറ്റപ്പെട്ട മഴയും ലഭിക്കും.
ജൂണ്‍ 8, 9 തീയതികളില്‍ മധ്യപ്രദേശില്‍ ഒറ്റപ്പെട്ട ആലിപ്പഴവര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെട്ടേക്കാം. അതിനിടെ കേരളത്തിലും വരും ദിവസങ്ങളില്‍ തീവ്രമായ മഴക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.












Click it and Unblock the Notifications