ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു; കൊവിഡ് ഭീതി... രാജ്യം കടുത്ത നടപടിയിലേക്ക്
ന്യൂഡല്‍ഹി: കൊവിഡ് രോഗം വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂുടതല്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സര്‍ക്കാരുകളുടെ തീരുമാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.

ഡല്‍ഹിയില്‍ ഇനി മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ആയിരിക്കും. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് വരെ തുടരും. സര്‍ക്കാര്‍ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കുകയുള്ളൂ. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അടിയന്തര വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ എത്തണം. സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
മുഖ്യമന്ത്രി കെജ്രിവാള്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. മാത്രമല്ല, ഡല്‍ഹിയിലെ പ്രമുഖ ബിജെപി നേതാവ് മനീഷ് തിവാരിയും കൊവിഡ് ചികില്‍സയിലാണ്. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് മനീഷ് സിസോദിയ പറഞ്ഞു. മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബസുകളും മെട്രോയും പതിവ് പോലെ സര്‍വീസ് നടത്തും. രാജ്യത്ത് അതിവേഗം കൊവിഡ് പകരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഡല്‍ഹി. മഹാരാഷ്ട്രയും കേരളവും കഴിഞ്ഞാല്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഡല്‍ഹിയിലാണ്.
അതേസമയം, പഞ്ചാബിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് അടച്ചിടും. രാത്രികാല കര്‍ഫ്യൂ ആണ് പഞ്ചാബില്‍. കുറച്ച് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ മൂന്നാം തരംഗം എത്തിയിരിക്കുന്നുവെന്നും മാസ്‌ക് എല്ലാവരും ധരിക്കണമമെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ഒപി സോണി പറഞ്ഞു.
പഞ്ചാബില്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. അതേസമയം, മെഡിക്കല്‍, നഴ്‌സിങ് കോളജുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ബാര്‍, സിനിമായ ഹാള്‍, മാളുകള്‍, റസ്റ്ററന്റുകള്‍, മ്യൂസിയം എന്നിവിടങ്ങളിലെല്ലാം പകുതി ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. എല്ലാ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കമെന്നും ജനുവരി 15 വരെയാകും നിയന്ത്രണങ്ങളെന്നും പുതിയ ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications