നടി ജയസുധ ബിജെപിയിലേക്ക്; അമിത് ഷാ വരുമ്പോള്‍ കളിമാറും... കൂടെ കോണ്‍ഗ്രസ് എംഎല്‍എയും
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടി ജയസുധ ബിജെപിയിലേക്ക്. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ജനപ്രിയരെ പാര്‍ട്ടിയിലെത്തിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. തെലങ്കാനയില്‍ ബിജെപി സ്വാധീനം ശക്തമാക്കി വരുന്നതിനിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ കളംമാറുകയാണ്.
കോണ്‍ഗ്രസ്, ടിആര്‍എസ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖരാണ് ബിജെപിയില്‍ ചേരുന്നത്. നേരത്തെ ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് നടിയും കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയില്‍ ചേരുന്നത്...

തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമാണ് ജയസുധ. ബിജെപിയില്‍ ചേരാന്‍ നടി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ജയസുധമായി ബന്ധപ്പെട്ടിരുന്നുവത്രെ. നടി വിജയശാന്തിയും മുന്‍ മന്ത്രിയും എംഎല്‍എയുമായ ഈറ്റല രാജേന്ദ്രനുമാണ് ജയസുധയുമായി സംസാരിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് എംഎല്‍എ രാജഗോപാല്‍ റെഡ്ഡിയും ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജയസുധയും രാജഗോപാല്‍ റെഡ്ഡിയും ഈ മാസം 21ന് ബിജെപിയില്‍ അംഗത്വമെടുത്തേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുന്നുണ്ട്. മുനുഗ്‌ഡെ മണ്ഡലത്തിലെ ബിജെപി പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ വരുന്നത്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജഗോപാല്‍ റെഡ്ഡി രാജിവച്ചിട്ടുണ്ട്.

തന്നെ വന്നുകണ്ട ബിജെപി നേതാക്കള്‍ക്ക് മുമ്പില്‍ ജയസുധ ചില നിബന്ധനകള്‍ വച്ചുവെന്നാണ് വാര്‍ത്ത. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണ് എന്നാണ് ജയസുധ പറഞ്ഞത്. ഇക്കാര്യം തെലങ്കാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വം അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന ഘടകം.

അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് മുമ്പായി പ്രമുഖ നേതാക്കളെ പാര്‍ട്ടിയുമായി അടുപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വം തെലങ്കാന ബിജെപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സിനിമാ-കായിക താരങ്ങള്‍, മറ്റു പാര്‍ട്ടികളിലെ പ്രധാന നേതാക്കള്‍ എന്നിവരുമായിട്ടെല്ലാം ബിജെപി നേതൃത്വം നിരന്തരമായി ബന്ധപ്പെട്ടുവരികയാണ്.

1970 കളിലും 80കളിലും തിളങ്ങി നിന്നിരുന്ന തെലുങ്ക് നടിയാണ് ജയസുധ. വൈഎസ് രാജശേഖര റെഡിയുടെ ക്ഷണം സ്വീകരിച്ച് അവര്‍ 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ആ വര്‍ഷം നടന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദ് മണ്ഡലത്തില്‍ നിന്ന് ജയസുധ വിജയിക്കുകയും എംഎല്‍എയാവുകയും ചെയ്തു. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നിരുന്നു എങ്കിലും അവര്‍ പ്രവര്‍ത്തന രംഗത്ത് സജീവമയിരുന്നില്ല.

രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വേളയില്‍ ജയസുധ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ജയസുധയ്‌ക്കൊപ്പം മകന്‍ നിഹാര്‍ കപൂറും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി അടുത്ത ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജയസുധ ബിജെപിയിലേക്ക് കളംമാറുന്നത്.












Click it and Unblock the Notifications